'തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്?'; ഇ.ഡിയോട് സുപ്രിംകോടതി

നടപടിയിൽ ഇ.ഡിയോട് സുപ്രിംകോടതി വിശദീകരണം തേടി.

Update: 2024-04-30 12:07 GMT
Advertising

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇ.ഡിയോട് ചോദ്യവുമായി സുപ്രിംകോടതി. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി അറസ്റ്റ് ചെയ്തത് എന്തിനെന്ന് സുപ്രിംകോടതി ചോദിച്ചു. നടപടിയിൽ ഇ.ഡിയോട് സുപ്രിംകോടതി വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്ക് മുൻപായി മറുപടി നൽകണമെന്നാണ് സുപ്രിംകോടതി നിർദേശം.

ഡൽഹി മദ്യനയ കേസിൽ തൻ്റെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹരജി പരിഗണിച്ച കോടതി, സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണെന്ന് നിരീക്ഷിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന അരവിന്ദ് കെജ്‌രിവാളിൻ്റെ ചോദ്യത്തിന് മറുപടി നൽകാൻ ഇ.ഡി അഭിഭാഷകനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.

'സ്വാതന്ത്ര്യം വളരെ പ്രധാനമാണ്, നിങ്ങൾക്ക് അത് നിഷേധിക്കാനാവില്ല. അവസാനത്തെ ചോദ്യം കെജ്‌രിവാളിൻ്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ച അറസ്റ്റിൻ്റെ സമയത്തെ സംബന്ധിച്ചാണ്. പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്'- ജസ്റ്റിസ് സഞ്ജീവ് ഖന്ന അഡീഷനൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിനോട് പറഞ്ഞു.

'പറയൂ, പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിനാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്?'- ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. ജുഡീഷ്യൽ നടപടികളിലൂടെ കടന്നുപോവാതെ കേന്ദ്ര ഏജൻസിക്ക് ക്രിമിനൽ നടപടികൾ എടുക്കാനാവുമോ എന്നും കോടതി ഇ.ഡിയോട് ചോദിച്ചു. 

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും കെജ്‌രിവാളിൻ്റെ കാര്യത്തിൽ അങ്ങനെ ഒന്നും ഉയർന്നിട്ടില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

മദ്യനയ കേസിൽ ഇ.ഡി സമൻസയച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് നടപടികളിൽ നിന്ന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ച് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അറസ്റ്റ്. അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ചേരാൻ കെജ്‌രിവാളിന് ഇ.ഡി ഒമ്പത് സമൻസുകൾ അയച്ചിരുന്നെങ്കിലും അദ്ദേഹമതിന് തയാറായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു അറസ്റ്റ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News