പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമിൽ വ്യാപക പ്രതിഷേധം; കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ, നിരോധനാജ്ഞ

2019ലെ പ്രതിഷേധങ്ങളുടെ കേന്ദ്രമായിരുന്ന ഷഹീന്‍ബാഗ് അടക്കം ഡല്‍ഹിയിലെ വിവിധ ഇടങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

Update: 2024-03-12 05:26 GMT
Editor : Shaheer | By : Web Desk
Advertising

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയതോടെ അസമിൽ വ്യാപക പ്രതിഷേധം. വിദ്യാർഥി സംഘടനകൾ വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസം സർക്കാർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുനൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ഉത്തർപ്രദേശിന്‍റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.

ഇന്നലെ രാത്രി ജെ.എൻ.യു, ജാമിഅ മില്ലിയ്യ സർവകലാശാലകളിൽ വിദ്യാർഥികളും പ്രതിഷേധിച്ചു. 2019ലെ പ്രതിഷേധങ്ങളുടെ കേന്ദ്രമായിരുന്ന ഷഹീന്‍ബാഗ് അടക്കം ഡല്‍ഹിയിലെ വിവിധ ഇടങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള നീക്കം വര്‍ഗീയ ധ്രുവീകരണത്തിനാണെന്നാണു പ്രതിപക്ഷം ആരോപിച്ചത്. നീക്കത്തിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ രംഗത്തെത്തിയേക്കും. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും പ്രതിഷേധം ശക്തമാകും.

പാര്‍ലമെന്‍റ് ബില്‍ പാസാക്കി നാല് വര്‍ഷമാകുമ്പോഴാണ് സി.എ.എ പ്രാബല്യത്തില്‍വരുന്നത്. വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ നിയമത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് വിജ്ഞാപനം പുറത്തുവരുന്നത്. അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കിയതിനും ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിമൊപ്പം സി.എ.എ നടപ്പാക്കിയതും ഉയര്‍ത്തിക്കാട്ടിയാകും ബി.ജെ.പിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം.

കോവിഡ് കാരണമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ നടപടി ക്രമങ്ങൾ വൈകിയതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. മൂന്ന് രാജ്യങ്ങളിൽ നിന്ന് പീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ് നിയമമെന്നും അഭയാർഥികൾക്ക് പുനരധിവാസത്തിനുള്ള നിയമതടസങ്ങൾ നീങ്ങുമെന്നും സര്‍ക്കാര്‍ പറയുന്നു. വിദ്യാഭ്യാസം നേടാനും വ്യാപാര സ്വാതന്ത്ര്യത്തിനും വസ്തുവകകൾ വാങ്ങാനും പൗരത്വം നേടുന്നവർക്ക് അവകാശമുണ്ടാകും. മതപരവും സാമൂഹികവുമായ അവകാശങ്ങൾ നിലനിർത്തുമെന്നും സർക്കാർ അറിയിച്ചു.

Summary: Widespread protests in Assam following the release of the Citizenship Amendment Act notification

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News