'ഭാര്യ ബി.ജെ.പിയില്‍ ചേരുന്നില്ലേ?' അമരിന്ദര്‍ സിങ്ങിന്‍റെ മറുപടി...
മിസ്സിസ് പ്രണീത് കൗർ ക്യാപ്റ്റനെക്കാൾ വിവേകമുള്ളയാളാണെന്ന് മാര്‍ഗരറ്റ് ആല്‍വ
മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ അമരിന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. അതേസമയം അമരിന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രണീത് കൗർ ഇപ്പോഴും കോൺഗ്രസ് നേതാവാണ്. അതില്‍ അപാകതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
"ഭർത്താവ് ചെയ്യുന്നതെന്തും ഭാര്യ പിന്തുടരേണ്ട ആവശ്യമില്ല"- 81കാരനായ അമരിന്ദര്‍ സിങ് പറഞ്ഞു. പ്രണീത് കൗർ 2009-14 കാലത്ത് മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു. നിലവിൽ പട്യാലയിൽ നിന്നുള്ള കോൺഗ്രസ് എം.പിയാണ് കൗർ. കോൺഗ്രസ് കൗറിന്‍റെ രാജി ആവശ്യപ്പെടുകയോ അവര്‍ രാജി സന്നദ്ധത അറിയിക്കുകയോ ചെയ്തിട്ടില്ല.
"കോണ്‍ഗ്രസ് കൗറിന്‍റെ രാജി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പ് വേണ്ടിവരും. അത് എ.എ.പിക്ക് ഗുണം ചെയ്യും. അതിനാലാണ് ഈ നിശബ്ദത"- എന്നാണ് ബി.ജെ.പി ക്യാമ്പിന്‍റെ വിലയിരുത്തല്‍.
കോണ്‍ഗ്രസ് നേതാവ് മാർഗരറ്റ് ആൽവ അമരിന്ദര്‍ സിങ്ങിനെ വിമര്‍ശിച്ചു. "മിസ്സിസ് പ്രണീത് കൗർ ക്യാപ്റ്റനെക്കാൾ വിവേകമുള്ളയാളാണ്" എന്നാണ് മാര്‍ഗരറ്റ് ആല്‍വ പറഞ്ഞത്. മകൻ രനീന്ദർ സിങ്, മകൾ ജയ് ഇന്ദർ കൗർ, ചെറുമകൻ നിർവാൻ സിങ് എന്നിവർക്കൊപ്പമാണ് അമരിന്ദർ സിങ് ബി.ജെ.പിയിൽ ചേർന്നത്.
അമരിന്ദര്‍ സിങ്ങിന്‍റെ കുടുംബാംഗങ്ങളിൽ പലർക്കുമെതിരെ കേസുകൾ ഉള്ളതിനാലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഒരാൾ ബി.ജെ.പിയിൽ ചേർന്നാൽ എല്ലാ പാപങ്ങളും പൊറുക്കപ്പെടും. അതിനാൽ അദ്ദേഹം കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
കഴിഞ്ഞ വർഷം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ച് ബി.ജെ.പിക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാന്‍ അമരിന്ദറിനായില്ല. "രാജ്യത്തിന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു പാർട്ടിയിൽ ചേരാനുള്ള സമയമാണിതെന്ന്" ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് എത്തിയ അമരിന്ദര്‍ പറഞ്ഞു. ഡൽഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും നരേന്ദ്ര സിങ് തോമറും ചേർന്ന് അമരിന്ദറിനെ സ്വീകരിച്ചു.
"രാജ്യത്തെ സുരക്ഷ വഷളായതിന്‍റെ ഉത്തരവാദിത്വം കോൺഗ്രസിനാണ്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ എ കെ ആന്‍റണി ഒരു ആയുധവും വാങ്ങിയില്ല. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അത് തിരുത്തുന്നുണ്ട്"- അമരിന്ദര്‍ സിങ് പറഞ്ഞു.