യുപിയിൽ മത്സരിക്കുമോ? കാത്തിരുന്നു കാണാമെന്ന് പ്രിയങ്ക
വാഗ്ദാനം ചെയ്ത പോലെ വനിതകൾക്ക് 40 ശതമാനം സീറ്റുകൾ സംവരണം ചെയ്യും
ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇപ്പോൾ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ആജ് തക് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. വാഗ്ദാനം ചെയ്ത പോലെ വനിതകൾക്ക് 40 ശതമാനം സീറ്റുകൾ സംവരണം ചെയ്യുമെന്നും അവർ പറഞ്ഞു.
അഖിലേഷ് യാദവും യോഗി ആദിത്യനാഥും നിയമസഭയിലേക്ക് മത്സരിക്കുന്നു, താങ്കൾ മത്സരിക്കുമോ എന്നായിരുന്നു ചോദ്യം. ഇപ്പോൾ അതേക്കുറിച്ച് ചിന്തിക്കുന്നില്ല എന്ന് മറുപടി നൽകിയ പ്രിയങ്ക കോൺഗ്രസ് സംസ്ഥാനത്ത് ശക്തമായ മത്സരം കാഴ്ച വയ്ക്കുമെന്നും കൂട്ടിച്ചേർത്തു.
കോൺഗ്രസ് വെന്റിലേറ്ററിലാണ് എന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തോട് പാർട്ടി നല്ല ആരോഗ്യസ്ഥിതിയിലാണ് എന്നായിരുന്നു അവരുടെ മറുപടി. കോൺഗ്രസ് സത്യത്തിന് വേണ്ടിയാണ് പോരാടുന്നത്. ശക്തമായ പോരാട്ടം നടത്തും. മികച്ച ഫലവും ഉണ്ടാക്കും. ഫലം പ്രവചിക്കാന്‍ താൻ ജ്യോതിഷിയല്ല. ഈ അവസരം കിട്ടിയതിൽ ആഹ്ളാദവതിയാണ്. രാഹുൽ ഗാന്ധിയടക്കം പാര്‍ട്ടി പ്രചാരണത്തിൽ സജീവമാകും. എല്ലാ സീറ്റിലും മത്സരിക്കും. വാഗ്ദാനം ചെയ്ത പോലെ വനിതകൾക്ക് സീറ്റു നൽകും. ഒരോ സീറ്റിലും രണ്ടും മൂന്നും വനിതകൾ മത്സരിക്കാൻ സന്നദ്ധമാണ്. വനിതാ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഞങ്ങൾക്ക് ബുദ്ധിമുട്ടില്ല.- അവർ കൂട്ടിച്ചേർത്തു.
Elegantly Witty @priyankagandhi .. ❤️#UPElection2022pic.twitter.com/R1muAC2MfF
— Niraj Bhatia (@bhatia_niraj23) January 10, 2022
ബിജെപിയും എസ്പിയും തമ്മിലാണ് യുപിയിൽ മത്സരം, കോൺഗ്രസിനെ അതിൽ കാണുന്നില്ലല്ലോ എന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് പിന്നെ എന്തിനാണ് തന്റെ ഇന്റർവ്യൂ എടുക്കുന്നത് എന്ന് പ്രിയങ്ക തിരിച്ചു ചോദിച്ചു. താങ്കള്‍ കോൺഗ്രസിന്റെ ഗെയിം ചെയ്ഞ്ചറാണ് എന്നാണ് അഭിമുഖം നടത്തിയ മൗസം സിങ് മറുപടി നൽകിയത്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് അദ്ദേഹത്തോടു ചോദിക്കൂ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
അതിനിടെ, തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടെ മുതിർന്ന നേതാവും മുസ്‌ലിം മുഖവുമായ ഇംറാൻ മസൂദ് പാർട്ടി വിട്ടത് കോൺഗ്രസിന് തിരിച്ചടിയായി. മുൻ കേന്ദ്രമന്ത്രി റഷീദ് മസൂദിന്റെ മകനാണ് മുസഫറാബാദിൽ നിന്നുള്ള (ഇപ്പോള്‍ ബേഹാത്) മുൻ എംഎൽഎയായ മസൂദ്. സഹാറൻപൂർ ജില്ലയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം.
ഏഴ് ഘട്ടങ്ങളിലായാണ് 403 അംഗ യുപി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി പത്തിന് ആരംഭിക്കുന്ന വോട്ടെടുപ്പിന്റെ അവസാനഘട്ടം മാർച്ച് ഏഴിനാണ്. പത്തിന് ഫലവും പുറത്തുവരും.
https://www.mediaoneonline.com/india/up-polls-big-setback-for-congress-as-imran-masood-likely-to-join-samajwadi-party-164339