ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കും, കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണം: വരുണ്‍ ഗാന്ധി
സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഒരേയൊരു ബിജെപി നേതാവ് വരുണ്‍ ഗാന്ധി മാത്രമാണ്
ഉത്തർപ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങള്‍ എന്നാണ് വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
"ലഖിംപൂർ ഖേരിയിൽ കർഷകരുടെ ഇടയിലേക്ക് ബോധപൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കും. പൊലീസ് ഈ വീഡിയോ ശ്രദ്ധിക്കുക. ഈ വാഹനങ്ങളുടെ ഉടമകളെയും അവയിൽ ഇരിക്കുന്നവരെയും ഈ കേസിൽ ഉൾപ്പെട്ട മറ്റ് ആളുകളെയും ഉടൻ അറസ്റ്റ് ചെയ്യണം"- വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ലംഖിപൂരിലെ കർഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയിട്ടില്ലെന്ന ബിജെപി വാദം പൊളിക്കുന്നതാണ് കോൺഗ്രസ് പുറത്തുവിട്ട 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം. കര്‍ഷകരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റുന്നതും കര്‍ഷകര്‍ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ള ഷർട്ടും പച്ച തലപ്പാവും ധരിച്ച കര്‍ഷകന്‍ ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്‍റെ ബോണറ്റിന്‍റെ മുകളിലേക്ക് എടുത്തെറിയപ്പെട്ടു. മറ്റുള്ളവർ പരിഭ്രാന്തരായി റോഡിന്‍റെ ഇരുവശങ്ങളിലേക്കും നീങ്ങുന്നത് കാണാം. ആറോളം പേര്‍ വാഹനമിടിച്ചു നിലത്തുവീണു. കര്‍ഷകരെ ഇടിച്ചിട്ട ജീപ്പ് നിര്‍ത്താതെ പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു കറുത്ത എസ്‌യുവി പിന്നാലെ വരുന്നതും കാണാം.
ആരെയും അറസ്റ്റ് ചെയ്തില്ല
പ്രതിപക്ഷം ദേശീയതലത്തില്‍ തന്നെ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമ്പോഴും സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ പേര് മാത്രമാണ് ഇതുവരെ എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടുള്ളത്. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഒരേയൊരു ബിജെപി നേതാവ് വരുണ്‍ ഗാന്ധി മാത്രമാണ്. സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ ഞായറാഴ്ചയാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം ഓടിച്ചുകയറ്റിയത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ മകന്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് മന്ത്രിയുടെ അവകാശവാദം. ഒന്‍പത് പേരാണ് ലഖിംപൂരില്‍ കൊല്ലപ്പെട്ടത്.
സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ലഖിംപൂരിലേക്ക് തിരിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 30 മണിക്കൂറിലധികമായി പ്രിയങ്ക പൊലീസ് കസ്റ്റഡിയിലാണ്. അന്യായ കസ്റ്റഡിക്കെതിരെ പ്രിയങ്ക നിരാഹാര സമരം തുടങ്ങി.