രാഹുല്‍ ഗാന്ധിക്കു നേരെ അജ്ഞാതന്‍റെ വധഭീഷണിക്കത്ത്; കേന്ദ്ര ഏജൻസികള്‍ അന്വേഷണം തുടങ്ങി
കത്തിന്‍റെ ഉറവിടം സമ്പന്ധിച്ചാണ് കേന്ദ്ര എജൻസികൾ അന്വേഷിക്കുന്നത്
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു നേരെ അജ്ഞാതന്‍റെ വധഭീഷണിക്കത്തിൽ കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും അന്വേഷണം ആരംഭിച്ചു. കത്തിന്‍റെ ഉറവിടം സമ്പന്ധിച്ചാണ് കേന്ദ്ര എജൻസികൾ അന്വേഷിക്കുന്നത്.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിക്ക് അജ്ഞാതന്‍റെ വധഭീഷണിക്കത്ത് ലഭിച്ചത്. ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി.ഒരു മധുരപലഹാരക്കടയിൽ തപാൽ മാർഗം ലഭിച്ച ഭീഷണിക്കത്ത് കടയുടമ ഉടനെ പൊലീസിന് കൈമാറുകയായിരുന്നു. 1984-ലെ സിഖ് വിരുദ്ധ കലാപം കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും പിതാവ് രാജിവ് ഗാന്ധിയുടെ അതേ ഗതിയാണ് രാഹുലിനെയും കാത്തിരിക്കുന്നതെന്നും കത്തിൽ പരാമർശിച്ചതായി റിപ്പോർട്ടുകളുണ്ട്.
രാഹുലിന്‍റെ സുരക്ഷയ്ക്കുള്ള മുൻകരുതലിനൊപ്പം, കത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇൻഡോർ പൊലീസും ക്രൈംബ്രാഞ്ചും. ജൂനി ഇൻഡോർ പൊലീസ് സ്‌റ്റേഷൻ പരിസരത്ത് സ്ഥാപിച്ച സി.സി ടിവി ദൃശ്യങ്ങളെല്ലാം പൊലീസ് സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്ന് ഇന്‍റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കി.