മോഷണം സംശയിച്ച് യുവാവിനെ അടിച്ചുകൊന്നു, മൃതദേഹം പറമ്പിൽ തള്ളി; സ്ത്രീയും മക്കളും അറസ്റ്റിൽ
ഇവർ മൃതദേഹം തള്ളുന്നതു കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ന്യൂഡൽഹി: മോഷണം സംശയിച്ച് യുവാവിനെ അടിച്ചുകൊന്ന ശേഷം മൃതദേഹം ഒറ്റപ്പെട്ട സ്ഥലത്ത് തള്ളിയ സ്ത്രീയും ആൺമക്കളും അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. സന്ദീപ് എന്ന 30കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുനിത എന്ന സ്ത്രീയും മൂന്ന് ആൺമക്കളുമാണ് അറസ്റ്റിലായത്.
ശനിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽനിന്നുള്ള തൊഴിലാളിയായ സന്ദീപ് വെള്ളിയാഴ്ച രാത്രി വൈകി സ്ത്രീയുടെ വീടിനു സമീപത്തെ എത്തുകയായിരുന്നു. മോഷണം നടത്താനാണ് വന്നതെന്ന് സംശയിച്ച് വീട്ടുകാർ ഇയാളെ പിടികൂടി ക്രൂരമായി മർദിക്കുകയായിരുന്നു.
സുനിത, മക്കളായ സുമിത്, അമിത്, വിനീത് എന്നിവരാണ് സന്ദീപിനെ ക്രൂരമായി മർദിച്ചത്. മരക്കഷണങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച സന്ദീപിനെ ഒരു ഇ-ഓട്ടോയിൽ കയറ്റി പ്രതികൾ ഒറ്റപ്പെട്ട സ്ഥലത്ത് തള്ളി. ഇവർ മൃതദേഹം തള്ളുന്നതു കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി സന്ദീപിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
തുടർന്നു നടത്തിയ തിരച്ചിലിലാണ് സുനിതയും മക്കളും പിടിയിലാവുന്നത്. സംഭവത്തിൽ സുനിതയ്ക്കും മക്കൾക്കുമെതിരെ ഭാരതീയ ന്യായ് സംഹിതയിലെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.
തെരുവിലാണ് സന്ദീപ് കഴിഞ്ഞിരുന്നതെന്നും കൂലിപ്പണികൾ ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.