എട്ടുവർഷത്തിനിടെ 14 തവണ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; യുവതി ആത്മഹത്യ ചെയ്തു
പങ്കാളിക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിന് കേസെടുത്തു
ന്യൂഡൽഹി: എട്ട് വർഷത്തിനിടെ പങ്കാളി 14 തവണ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ഡൽഹിയിലെ ജയ്ത്പൂരിലാണ് സംഭവം. മരിച്ച 33 കാരിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകിയ യുവാവുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നെന്നും എന്നാൽ ഇയാള്‍ വിവാഹം കഴിക്കാൻ വിസമ്മതിച്ചെന്നും ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്നും യുവതി ഹിന്ദിയിൽ എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. നോയിഡയിലെ സോഫ്റ്റ് വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആത്മഹത്യ പ്രേരണക്ക് പുറമെ ബലാത്സംഗം, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ എന്നിവ പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പ്രതിക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ടെന്നും ഡി.സി.പി പറഞ്ഞു
യുവതി കഴിഞ്ഞ ഏഴ്-എട്ട് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സൗത്ത് എക്സ്റ്റൻഷനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ ഭർത്താവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. താനും ഭാര്യയും എട്ട് വർഷം മുമ്പ് വേർപിരിഞ്ഞതായി ഇയാൾ മൊഴിനൽകി.യുവതിയുടെ മാതാപിതാക്കൾ ബീഹാറിലെ മുസാഫർപൂരിൽ താമസിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു.