ജിം ട്രെയ്നറെ വിവാഹം ചെയ്യാൻ ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊന്നു; ചുരുളഴിഞ്ഞത് മൂന്ന് വർഷത്തിന് ശേഷം; യുവതി പിടിയിൽ

കൊലയാളി അറസ്റ്റിലായതോടെ കേസ് അവസാനിച്ചെന്ന് തോന്നിയെങ്കിലും അടുത്തിടെ ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് ലഭിച്ച വാട്ട്സ്ആപ്പ് സന്ദേശമാണ് കേസിൽ നിർണായകമായത്.

Update: 2024-06-19 11:28 GMT
Advertising

ന്യൂഡൽഹി: ജിം ട്രെയ്നറായ കാമുകനെ വിവാഹം കഴിക്കാൻ ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊന്ന യുവതി മൂന്ന് വർഷത്തിനു ശേഷം അറസ്റ്റിൽ. ഹരിയാന പാനിപ്പത്ത് സ്വദേശിയായ വിനോദ് ബരാരയുടെ കൊലപാതകത്തിലാണ് മൂന്ന് വർഷത്തിന് ശേഷം ചുരുളഴിഞ്ഞത്. സംഭവത്തിൽ ഇയാളുടെ ഭാര്യ നിധിയാണ് പിടിയിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൊലയാളിയായ ദേവ് സുനാറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അടുത്തിടെ പൊലീസിന് ലഭിച്ച ഒരു വാട്ട്സ്ആപ്പ് സന്ദേശമാണ് കൊലപാതകത്തിന്റെ സൂത്രധാരയിലേക്കെത്താൻ പൊലീസിന് സഹായകമായത്. ആദ്യം ലോറിയിടിപ്പിച്ചും ഈ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വെടിവച്ചുമാണ് സുനാർ വിനോദിനെ കൊലപ്പെടുത്തിയത്. 2021ലാണ് വിനോദിനെ വീടിനടുത്ത് വച്ച് മിനി ട്രക്ക് ഇടിക്കുന്നത്. അപകടത്തിൽ ഇരു കാലുകളുൾപ്പെടെ ഒടിയുകയും ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത വിനോദ് പിന്നീട് ആശുപത്രി വിട്ടതോടെയാണ് സുനാർ വീട്ടിലെത്തി വെടിവച്ച് കൊന്നത്.

ഇതോടെ ഈ കേസ് അവസാനിച്ചെന്ന് തോന്നിയെങ്കിലും ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് ലഭിച്ച വാട്ട്സ്ആപ്പ് സന്ദേശമാണ് കേസിൽ നിർണായകമായത്. കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന വിനോദ് ബരാര ഭാര്യക്കും മകൾക്കുമൊപ്പം ഹരിയാനയിലെ പാനിപ്പത്തിലാണ് താമസിച്ചിരുന്നത്. ഇതിനിടെ നിധി തൻ്റെ ജിം പരിശീലകനായ സുമിത്തുമായി പ്രണയത്തിലായതാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും തമ്മിലുള്ള ബന്ധം വിനോദ് അറിയുകയും ഇതേക്കുറിച്ച് ഭാര്യയോട് ചോദിക്കുകയും ചെയ്തു. അവിഹിതബന്ധം ദമ്പതികൾക്കിടയിൽ നിരന്തര വഴക്കിന് കാരണമായിരുന്നു.

വഴക്ക് പതിവായതോടെ നിധി കാമുകൻ സുമിത്തിനൊപ്പം ചേർന്ന് ഭർത്താവിനെ കൊല്ലാൻ പദ്ധതിയിട്ടു. വിനോദിനെ ട്രക്കിടിപ്പിച്ചു കൊല്ലാൻ ഇരുവരും പഞ്ചാബ് സ്വദേശിയായ ദേവ് സുനാറിന് ക്വട്ടേഷൻ നൽകി. 10 ലക്ഷത്തിലേറെ രൂപയാണ് ഇതിനായി സുനാറിന് നൽകിയത്. തുടർന്ന്, 2021 ഒക്ടോബർ അഞ്ചിന് നടന്ന ആദ്യ കൊലപാതക ശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും വിനോദ് അതിജീവിച്ചു.

ഇതോടെ നിധി പ്ലാൻ ബി തയാറാക്കുകയും ദേവ് സുനാറിനോട് തൻ്റെ ഭർത്താവിനെ വെടിവച്ചു കൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തു. അപകടം നടന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷം, സുനാർ വിനോദിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി പോയിൻ്റ് ബ്ലാങ്കിൽ വെടിവച്ചു കൊല്ലുകയായിരുന്നു. പിന്നാലെ സുനാർ അറസ്റ്റിലാവുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് വിസമ്മതിച്ചതിനെ തുടർന്നാണ് വിനോദിനെ താൻ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പറഞ്ഞത്.

സുനാർ ജയിലിലായതോടെ ഇയാളുടെ വീട്ടുചെലവുകൾ വഹിച്ചതും അഭിഭാഷകന് ഫീസ് നൽകിയതുമെല്ലാം നിധിയും സുമിത്തും ചേർന്നായിരുന്നു. ഭർത്താവിന്റെ മരണശേഷം മകളെ നിധി ആസ്ത്രേലിയയിലുള്ള ബന്ധുവിന്റെ അടുക്കലേക്ക് അയയ്ക്കുകയും ആഢംബര ജീവിതം നയിക്കുകയും ചെയ്തു. ഇത് വിനോദിന്റെ വീട്ടുകാരിൽ സംശയത്തിനിടയാക്കിയിരുന്നു.

എന്നാൽ, മൂന്ന് വർഷത്തിന് ശേഷം പാനിപ്പത്ത് എസ്പി അജിത് സിങ് ഷെഖാവത്തിൻ്റെ ഫോണിലേക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം വന്നു. സുനാർ മാത്രമല്ല കുറ്റവാളിയാണെന്നും മറ്റു ചിലർക്കും കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമായിരുന്നു സന്ദേശം. വിനോദിൻ്റെ സഹോദരൻ പ്രമോദാണ് സന്ദേശം അയച്ചത്. ഇതോടെ പൊലീസ് ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ച് സുനാറിൻ്റെ കോൾ വിശദാംശങ്ങൾ സംബന്ധിച്ച് അന്വേഷണം തുടങ്ങി.

സുനാർ സുമിതുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. വിനോദിൻ്റെ ഭാര്യ നിധിയെ സുമിത്ത് നിരവധി തവണ കോൾ ചെയ്തതായും ഇതിൽ ചിലത് മണിക്കൂറുകൾ നീണ്ടുനിന്നിരുന്നതായും പൊലീസ് കണ്ടെത്തി. തുടർന്ന് സുമിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ, നിധിയുടെ നിർദേശപ്രകാരമാണ് വിനോദിനെ കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് പൊലീസ് നിധിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജിം ഇൻസ്ട്രക്ടറായ സുമിത്തിനെ വിവാഹം കഴിക്കാനാണ് നിധി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News