കോവിഡിനെ പേടിച്ച് മൂന്നു വര്‍ഷമായി വീട്ടിനുള്ളില്‍; യുവതിയെയും മകനെയും പൊലീസ് പുറത്തിറക്കി
2020ല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നപ്പോള്‍ ജോലിയ്ക്ക് പോയ ഭര്‍ത്താവിനെ യുവതി പിന്നീട് വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല
ചണ്ഡിഗഢ്: കോവിഡ് ബാധിക്കുമെന്ന് ഭയന്ന് മൂന്നു വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരുന്ന യുവതിയെയും മകനെയും പൊലീസെത്തി പുറത്തിറക്കി. ഹരിയാനയിലെ ഗുരുഗ്രാമിലെ ചക്കര്‍പൂരിലാണ് സംഭവം. 33കാരിയായ യുവതി ഭര്‍ത്താവിനെ പോലും ഈ മൂന്ന് വര്‍ഷം വീട്ടിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല.
യുവതിയുടെ ഭര്‍ത്താവും സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറുമായ സുജന്‍ മാജി പൊലീസിന്‍റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമെത്തി വീടിന്‍റെ മുന്‍വാതില്‍ തകര്‍ത്താണ് യുവതിയെയും 10 വയസ്സുകാരനായ മകനെയും പുറത്തിറക്കിയത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.
2020ല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നപ്പോള്‍ ജോലിയ്ക്ക് പോയ ഭര്‍ത്താവിനെ യുവതി പിന്നീട് വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. യുവതിയെ അനുനയിപ്പിക്കാന്‍ കഴിയതായതോടെ സുജന്‍ സമീപത്തു തന്നെ വാടകവീട്ടില്‍ താമസിക്കാന്‍ തുടങ്ങി. വീഡിയോ കോളിലൂടെ മാത്രമാണ് സുജന്‍ മകനെ ഇക്കാലമത്രയും കണ്ടിരുന്നത്. വീടിന്‍റെ വാടകയും വൈദ്യുതി ബില്ലും സുജന്‍ അടച്ചുകൊണ്ടിരുന്നു. വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റു സാധനങ്ങളും വീട്ടുപടിക്കല്‍ എത്തിക്കുകയും ചെയ്തു.
യുവാവ് പരാതിയുമായി എത്തിയപ്പോള്‍ ആദ്യം അവിശ്വസനീയമായി തോന്നിയെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ വീട് തുറന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മാലിന്യം കുന്നുകൂടി കിടക്കുകയായിരുന്നു. കുട്ടിക്ക് മൂന്നു വര്‍ഷമായി സൂര്യപ്രകാശം ഏറ്റിരുന്നില്ല. പുറത്തിറങ്ങിയാല്‍ കോവിഡ് ബാധിച്ച് മകന്‍ മരിക്കുമെന്ന അമിത ആശങ്കയിലായിരുന്നു യുവതി.
Summary- Due to extreme fear of contracting COVID-19, a woman locked herself and her minor son in their house in Gurugram's Chakkarpur for three years