യുപിയിൽ എസ്‌ഐയുടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി: യുവതിയുടെ തലക്ക് ഗുരുതരപരിക്ക്
പാസ്പോർട്ട് വെരിഫിക്കേഷനായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിക്കാണ് വെടിയേറ്റത്. എസ്‌ഐ ഓടിരക്ഷപ്പെട്ടു.
ഉത്തർപ്രദേശിലെ അലിഗഢിൽ പോലീസ് സ്‌റ്റേഷനിലെത്തിയ യുവതിക്ക് വെടിയേറ്റ് ഗുരുതര പരിക്ക്. സബ് ഇൻസ്‌പെക്ടർ മനോജ് ശർമയുടെ കൈയിലുള്ള പിസ്റ്റലിൽ നിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ യുവതി ജവഹർ ലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാസ്പോർട്ട് വെരിഫികേഷനായി ഒരു യുവാവിനൊപ്പം അലീഗഢ് കൊത്വാലി നഗറിലെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‍വർക്ക് ഓഫിസിലെത്തിയാതായിരുന്നു യുവതി. ഇരുവരും സ്റ്റേഷനുള്ളിൽ നിൽക്കുന്നതിനിടെ ഒരു പൊലീസുകാരൻ എസ്ഐക്ക് തോക്ക് കൈമാറി. എസ്ഐ തോക്ക് പരിശോധിച്ച ശേഷം ലോഡ് ചെയ്യാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
പെട്ടെന്ന് അബദ്ധത്തിൽ വെടിയുതിർക്കുകയും ബുള്ളറ്റ് തൊട്ടടുത്ത് നിന്ന സ്ത്രീയുടെ തലയിൽ പതിക്കുകയുമായിരുന്നു. വെടിയേറ്റ് യുവതി താഴെ വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവതിയുടെ അടുത്തേക്ക് എസ്ഐ എത്തിയെങ്കിലും അപകടം മനസിലാക്കി ഓടിരക്ഷപെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എസ്ഐയെ സസ്‌പെൻഡ് ചെയ്യുന്ന നടപടികളിലേക്കടക്കം കടക്കുമെന്ന് അലീഗഢ് പൊലീസ് മേധാവി കലാനിധി നെയ്ത്താനി പറഞ്ഞു.
അതേസമയം, പാസ്‌പോർട്ട് വെരിഫിക്കേഷനായി പൊലീസ് പണം ആവശ്യപ്പെട്ടതിനെ ചൊല്ലി തർക്കമുണ്ടായതായി യുവതിയുടെ ബന്ധു ആരോപിച്ചു. എന്നാൽ, ആരോപണങ്ങളോട് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.