10 വയസുകാരിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി മർദിച്ച സംഭവം; വനിതാ പൈലറ്റിന്റെ ജോലി തെറിച്ചു
പൈലറ്റിനെയും ഭർത്താവിനെയും നാട്ടുകാര്‍ നടുറോഡിലിട്ട് മര്‍ദിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിരുന്നു
ന്യൂഡൽഹി: പത്തുവയസുകാരിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി മർദിച്ച വനിതാപൈലറ്റിനെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ പൈലറ്റിനെയും ഭർത്താവിനെയും നാട്ടുകാർ നടുറോഡിലിട്ട് തല്ലിച്ചതച്ചിരുന്നു. ഡൽഹി ദ്വാരകയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമാണ് ദമ്പതികളെ മർദിച്ചത്. കൗശിക് ബാഗ്ചി (36), ഭാര്യ പൂർണിമ ബാഗ്ചി (33) എന്നിവർക്കാണ് മർദനമേറ്റത്.
മർദനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെ ദമ്പതികൾക്കെതിരെ കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധിയിൽപ്പെട്ടെന്നും വനിതാ പൈലറ്റിനെ ജോലിയിൽ മാറ്റി നിർത്തിയെന്നും ഇൻഡിഗോ എയർലൈൻ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഈ സാഹചര്യത്തിൽ പൈലറ്റിനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കി നിർത്തിയെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൂർണിമ ഇൻഡിഗോ എയർലൈനിൽ പൈലറ്റും ഭർത്താവ് മറ്റൊരു വിമാനക്കമ്പനിയിലെ ജീവനക്കാരനുമാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസം മുമ്പാണ് 10 വയസുകാരിയെ സഹായത്തിനായി ഇവരുടെ വീട്ടിൽ നിർത്തുന്നത്. ദമ്പതികളുടെ കുഞ്ഞിനെ പരിപാലിക്കാനാണ് പെൺകുട്ടിയെ ജോലിക്കെടുത്തത്. എന്നാൽ ഇവരുടെ വീട്ടിലെ ജോലികൾ മുഴുവൻ പെൺകുട്ടിയെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മോഷണക്കുറ്റമടക്കം ആരോപിച്ച് പെൺകുട്ടിയെ ഇവർ മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ മൂന്ന്-നാല് ദിവസമായി പട്ടിണി കിടക്കുകയായിരുന്നുവെന്നും പലപ്പോഴും പഴകിയ ഭക്ഷണം കഴിക്കാൻ നൽകാറുണ്ടെന്നും പെൺകുട്ടി പറഞ്ഞതായി അമ്മാവൻ പറയുന്നു.
ബന്ധുക്കളും നാട്ടുകാരും വനിതാപൈലറ്റിന്റെ വീട്ടിലെത്തുകയും ഇവരെ നടുറോഡിലേക്ക് വലിച്ചിറക്കി മർദിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പൈലറ്റ് യൂണിഫോമിലാണ് യുവതിയെ മർദിക്കുന്നത്.
ബാലവേല നിരോധന നിയമപ്രകാരവും ബാലനീതി നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.ദമ്പതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
.