നരബലിക്കായി രണ്ട് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റിൽ
സഫ്ദർജങ് ആശുപത്രിയിൽ വച്ചാണ് യുവതിയെ ആദ്യമായി കാണുന്നതെന്ന് കുഞ്ഞിന്റെ മാതാവ് പറഞ്ഞു.
ന്യൂഡൽഹി: നരബലിക്കായി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റിൽ. തെക്കു കിഴക്കൻ ഡൽഹിയിലെ ഗാർഹിയിലാണ് സംഭവം. കോട്‌ല മുബാറക്പുർ സ്വദേശി 25കാരി ശ്വേതയാണ് പിടിയിലായത്. മരിച്ചുപോയ പിതാവിനെ പുനരുജ്ജീവിപ്പിക്കാനായി കുഞ്ഞിനെ നരബലി നൽകാനായിരുന്നു തട്ടിക്കൊണ്ടുപോയതെന്നാണ് യുവതിയുടെ വാദം. യുവതിയിൽ നിന്ന് കുഞ്ഞിനെ സുരക്ഷിതമായി രക്ഷപെടുത്തി.
ഒരു അജ്ഞാത യുവതി രണ്ട് മാസം പ്രായമായ ആൺകുഞ്ഞിനെ ഗാർഹി പ്രദേശത്തു നിന്നും തട്ടിക്കൊണ്ടുപോയതായി വ്യാഴാഴ്ച വൈകീട്ട് നാലിനാണ് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് അമർ കോളനി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രതീപ് റാവത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രജിന്ദർ സിങ്, ഹെഡ് കോൺസ്റ്റബിൾ രവിന്ദർ ഗിരി, ഷേർ സിങ്, സച്ചിൻ സരോഹ, നീരജ് കുമാർ, ദിനേശ് കുമാർ, വനിതാ കോൺസ്റ്റബിൾ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
സഫ്ദർജങ് ആശുപത്രിയിൽ വച്ചാണ് യുവതിയെ ആദ്യമായി കാണുന്നതെന്ന് കുഞ്ഞിന്റെ മാതാവ് പറഞ്ഞു. ജച്ച ബച്ച കെയർ എന്ന എൻജിഒയിലാണ് താൻ സേവനം ചെയ്യുന്നതെന്നാണ് യുവതി പറഞ്ഞതെന്നും മാതാവ് വ്യക്തമാക്കി. കുഞ്ഞിനും അമ്മയ്ക്കും സൗജന്യ മരുന്നും ചികിത്സയും ശ്വേത വാഗ്ദാനം ചെയ്തു.
തുടർന്ന് കുഞ്ഞിനെയും അമ്മയേയും പരിശോധനകളുടെ പേരു പറഞ്ഞ് പിന്തുടരുകയും ചെയ്തു. ബുധനാഴ്ച, കുഞ്ഞിനെ പരിശോധിക്കാനെന്ന പേരിൽ ഗാർഹിയിലെ മംരാജ് മൊഹല്ലയിലുള്ള വീട്ടിലെത്തുകയായിരുന്നു. സമാനമായി പിറ്റേദിവസവും വീട്ടിലെത്തിയ യുവതി കുഞ്ഞുമായി വെറുതെ പുറത്തേക്ക് പോവാനായി തന്റെ കൈയിലേൽപ്പിക്കാൻ മാതാവിനോട് പറഞ്ഞു. യുവതിക്കൊപ്പം പോവാൻ 21കാരിയായ തന്റെ ബന്ധുവായ പെൺകുട്ടിയോട് മാതാവ് പറയുകയും ചെയ്തു.
തുടർന്ന് ഗാർഹിയിലെ തന്നെ നീംചൗകിലേക്ക് 21കാരിക്കൊപ്പം കുഞ്ഞുമായി കാറിൽ പോയ ശ്വേത, പെൺകുട്ടിക്കൊരു ശീതള പാനീയം കുടിക്കാൻ നൽകി. ഇത് കുടിച്ചതോടെ പെൺകുട്ടി ബോധരഹിതയായി. തുടർന്ന് 21കാരിയെ ഗാസിയാബാദിലെ റോഡരികിൽ തള്ളിയ ശ്വേത കുഞ്ഞുമായി സ്ഥലംവിടുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് നാലോടെ പ്രതി കോട്‌ല മുബാറക്പുരിലെ ആര്യസമാജ് മന്ദിറിന് സമീപമെത്തിയതായി പൊലീസിനു വിവരം ലഭിച്ചു. ഇതോടെ പൊലീസ് സംഘം ഇവിടെയെത്തി നടത്തിയ പരിശോധനയിൽ പ്രതിയായ ശ്വേതയേയും കുഞ്ഞിനേയും കണ്ടെത്തുകയായിരുന്നു. തുടർന്ന് സുരക്ഷിതമായി കുഞ്ഞിനെ മോചിപ്പിച്ച് പ്രതിയെ പിടികൂടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
തന്റെ പിതാവ് ഒക്ടോബറിൽ മരിച്ചതായി ശ്വേത പൊലീസിനോട് പറഞ്ഞു. അതേ ലിംഗത്തിലുള്ളൊരു കുഞ്ഞിനെ ബലി കൊടുത്താൽ അച്ഛന്റെ ജീവൻ തിരിച്ചുകിട്ടുമെന്ന് അന്ത്യകർമ സമയത്ത് താൻ അറിഞ്ഞെന്നും ഇതേ തുടർന്നാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും യുവതി വെളിപ്പെടുത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിക്കെതിരെ മോഷണം, ഭവനഭേദനം എന്നീ കുറ്റങ്ങൾക്ക് മുമ്പും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.