വിഐപികളുടെ സുരക്ഷക്ക് ഇനി മുതൽ വനിതാകമാന്റോകളും
അമിത് ഷാ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരുടെ സുരക്ഷക്ക് വനിതാ കമാൻഡോകളെ നിയമിക്കും
ഇനി മുതൽ രാജ്യത്തെ വി.ഐ.പികളുടെ സുരക്ഷക്ക് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ (സിആർപിഎഫ്) വനിത കമാന്റോകളും. ആദ്യമായാണ് സിആർപിഎഫിന്റെ വിഐപി സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള വനിതാ കമാൻഡോകൾ ഉന്നത രാഷ്ട്രീയക്കാരുടെ സുരക്ഷക്കായി രാജ്യത്തുടനീളമുള്ള യാത്രാവേളകളിൽ അനുഗമിക്കുന്നത്. ദേശീയ തലസ്ഥാനത്ത് ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള നേതാക്കളുടെ സംരക്ഷണത്തിനായാണ് ഇവരെ നിയമിക്കുന്നത്. ഇതിനായി 10 ആഴ്ചത്തെ പ്രത്യേക പരിശീലനവും വനിതകമാന്റോകൾ പൂർത്തിയാക്കി. അടുത്ത വർഷം ജനുവരി മുതൽ ഇവരെ വിഐപി സുരക്ഷയിൽ വിന്യസിക്കാനാണ് സാധ്യത.32 വനിത കമാന്റോകളാണ് ഇതിനായി തയാറെടുത്തിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഭാര്യ ഗുർശരൺ കൗർ തുടങ്ങി ഡൽഹിയിലെ ഉന്നത നേതാക്കളെ സംരക്ഷിക്കാനാണ് കമാൻഡോകളെ ആദ്യം വിന്യസിക്കുക. ഒരു വിഐപി യാത്ര ചെയ്യുമ്പോൾ, അവരുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണ്. എന്നാൽ ആ വ്യക്തിക്ക് മുഴുവൻ സുരക്ഷ നൽകുന്നത് സിആർപിഎഫാണ്. ഓരോ വിഐപികൾക്കും അഞ്ച് മുതൽ ഏഴ് വരെ ഗാർഡുകൾ ഉണ്ടാകും. വരുന്ന തെരഞ്ഞെടുപ്പ് സമയത്ത് ഈ ഗാർഡുകളിൽ വനിത കമാന്റോകളെ ഉൾപ്പെടുത്തും.