'വനിതകൾ ഇന്ത്യൻ സൈന്യത്തിന്റെ ശക്തി വർധിപ്പിക്കും'; സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
'യുദ്ധമെന്നത് അവസാനത്തെ വഴിമാത്രമാണ്. ഞങ്ങൾ സമാധാനത്തിൽ വിശ്വസിക്കുന്നു.അതിലൂന്നിയുള്ള പ്രശ്‌ന പരിഹാരത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്'
കാർഗിൽ: ഇത്തവണയും ദീപാവലി സൈനികർക്കൊപ്പമാഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനയിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നത് നമ്മുടെ ശക്തി വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ കുടുംബം എന്ന് വിളിച്ചാണ് മോദി സൈനികരെ അഭിസംബോധന ചെയ്തത്. 'കാർഗിൽ വിജയപതാക ഉയർത്താത്ത ഒരു യുദ്ധവും പാകിസ്താനുമായി ഉണ്ടായിട്ടില്ല. അതിർത്തി സുരക്ഷിതവും സമ്പദ്വ്യവസ്ഥ ശക്തവും സമൂഹം ആത്മവിശ്വാസം നിറഞ്ഞതുമാകുമ്പോൾ ഒരു രാഷ്ട്രം സുരക്ഷിതമാണ്, ''അദ്ദേഹം പറഞ്ഞു.
'ഇക്കുറിയും സൈനികർ ക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. .ഇതിനപ്പുറം മറ്റൊരു സന്തോഷമില്ല.രാജ്യത്തെ ഓരോ ഉത്സവവും സ്‌നേഹത്തിന്റെ സന്ദേശമാണ് നൽകുന്നത്. തീവ്രവാദത്തിന്റെ കൂടി അന്ത്യത്തിന്റെ പ്രതീകമാണ് ദീപാവലി.കാർഗിലിൽ തീവ്രവാദത്തിന്റെ വേരറുക്കാൻ നമ്മുടെ സൈന്യത്തിനായെന്നും പ്രധാനമന്ത്രി പറഞ്ഞു.
'യുദ്ധമെന്നത് അവസാനത്തെ വഴിമാത്രമാണ്. ഞങ്ങൾ സമാധാനത്തിൽ വിശ്വസിക്കുന്നു.അതിലൂന്നിയുള്ള പ്രശ്‌ന പരിഹാരത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശക്തി ഉയരുമ്പോൾ അത് ആഗോള സമാധാനത്തിന്റെയും സമൃദ്ധിയുടെയും സാധ്യതക്ക് കാരണമാകുന്നു. അഴിമതിക്കെതിരെ നിർണ്ണായക പോരാട്ടം നടക്കുകയാണെന്നും അഴിമതിക്കാർ എത്ര ശക്തരായാലും അവരെ വെറുതെ വിടില്ലെന്നും മോദി കൂട്ടിച്ചേർത്തു. 'ദശാബ്ദങ്ങളായി ആവശ്യമായിരുന്ന സായുധ സേനയിലെ പരിഷ്‌കാരങ്ങൾ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു, 'ആത്മനിർഭർ ഭാരത്' രാജ്യത്തിന്റെ സുരക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട വശമാണ്. ''വിദേശ ആയുധങ്ങളെയും സംവിധാനത്തെയും ആശ്രയിക്കുന്നത് വളരെ കുറവായിരിക്കണം,'' മോദി പറഞ്ഞു.