പ്രിയം കാഞ്ചീപുരത്തോട്; രണ്ട് ലക്ഷം രൂപയുടെ സാരി മോഷ്ടിച്ച് സ്ത്രീകളുടെ സംഘം| ദൃശ്യങ്ങള്‍

30,000 നും 70,000 ഇടയിൽ വിലയുള്ള സാരികളാണ് സംഘം മോഷ്ടിച്ചത്

Update: 2023-11-11 10:01 GMT
Advertising

ചെന്നൈയിലെ ടെക്സ്റ്റൈൽസിൽ നിന്ന് സ്ത്രീകളുടെ സംഘം സാരികള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒക്‌ടോബർ 28 നായിരുന്നു ചെന്നൈ ബസന്ത് നഗറിലെ ടെക്സ്റ്റൈൽസിൽ നിന്ന് വിലകൂടിയ പത്ത് സാരികള്‍ മോഷണം പോയത്. കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ മോഷണത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 


കടയിലേക്ക് ആറോളം സ്ത്രീകൾ എത്തുകയും വസ്ത്രം വാങ്ങാനെന്ന വ്യാജേന സെയിൽസ് ജീവനക്കാരുമായി സംസാരിക്കുകയും ചെയ്യുന്നു. അതിനിടെ കൂട്ടത്തിലെ രണ്ട് സ്ത്രീകൾക്ക് തങ്ങൾ ധരിച്ചിരുന്ന സാരിയുടെ അടിയിലേക്ക് പട്ട് സാരികളുടെ കെട്ടുകൾ ഒളിപ്പിക്കുകയും ചെയ്യുന്നു. ഇവരുടെ ചെയ്തികൾ കാണാതിരിക്കാൻ മറ്റ് സ്ത്രീകൾ മറഞ്ഞു നിൽക്കുന്നതായും വീഡിയോയിൽ കാണാം. ബ്രൂട്ട് ഇന്ത്യ എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ പങ്കുവെച്ച വീഡിയോ മണിക്കൂറുകള്‍ കൊണ്ട് മൂന്ന് മില്യൺ കാഴ്ചക്കാരെയാണ് നേടിയത്.

മോഷണം പോയ സാരികളുടെ വില ഏകദേശം 2 ലക്ഷം രൂപയോളം വരുമെന്ന് പൊലീസ് പറഞ്ഞു. സംഘത്തിൽ ആറോ ഏഴോ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 30,000- 70,000 ഇടയിൽ വിലയുള്ള സാരികളാണ് ഇവർ മോഷ്ടിച്ചത്.


സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഈ സംഘത്തിലെ ചിലരെ പിടികൂടിയിട്ടുണ്ട്. മോഷണം പോയ സാരികളും തിരികെ ലഭിച്ചു. ആന്ധ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘം ഇതിന് മുൻപും സമാനമായ രീതിയിൽ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശ് പൊലീസിന്റെ സഹായത്തോടെ വിജയവാഡയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ബസന്ത് നഗറിലെ ടെക്സ്റ്റൈൽസിൽ നിന്ന് മോഷണം നടത്തിയ സ്ത്രീകളുടെ സംഘത്തെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.


സംഘത്തിൽ നിന്നും കണ്ടെത്തിയ സാരികള്‍ ചെന്നൈ ശാസ്ത്രി നഗർ സ്‌റ്റേഷനിലേക്ക് വിജയവാഡ പൊലീസ് അയച്ചു നൽകി. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയ സമയത്താണ് സാരികൾ എത്തിയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News