'ഭാരത് മാതാക്കെതിരെ സംസാരിക്കുന്നവരുടെ ജീവനെടുക്കാൻ മടിക്കില്ല'; വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ്
ശ്രീരാമൻ സാങ്കൽപ്പിക വ്യക്തിയാണെന്ന് വാദിക്കുന്നവരെല്ലാം ജനുവരിയിൽ അയോധ്യയിലേക്ക് പോകണമെന്നും കൈലാഷ് വിജയവർഗിയ
ഇൻഡോർ: ഭാരത് മാതാവിനെതിരെ സംസാരിക്കുന്നവരുടെ ജീവനെടുക്കാൻ മടിക്കില്ലെന്ന് ബി.ജെ.പി നേതാവും പാർട്ടി ജനറൽ സെക്രട്ടറിയുമായ കൈലാഷ് വിജയവർഗിയ. 'ഞങ്ങൾ ആരുടെയും എതിരാളികളല്ല. ഭാരത് മാതാ കീ ജയ് വിളിക്കുന്നവരെല്ലാം ഞങ്ങളുടെ സഹോദരന്മാരാണ്, അവർക്ക് വേണ്ടി ജീവൻ ത്യജിക്കും. എന്നാൽ ഭാരത് മാതയ്ക്കെതിരെ സംസാരിക്കുന്നവരുടെ ജീവനെടുക്കുന്നതിൽ നിന്ന് ഞങ്ങൾ പിന്നോട്ട് പോകില്ല'..വിജയവർഗിയ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐയെ റിപ്പോർ്ട്ട് ചെയ്തു.
ഹനുമാൻ മഹാവീർ ജയന്തിയോട് അനുബന്ധിച്ച് മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമൻ ഒരു സാങ്കൽപ്പിക വ്യക്തിയാണെന്ന് വാദിക്കുന്നവരെല്ലാം ജനുവരിയിൽ അയോധ്യയിലേക്ക് പോകണം. പാപങ്ങളിൽ നിന്ന് മുക്തി നേടാൻ അത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപി നേതാവിന്റെ പരാമർശം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.
ഇതാദ്യമായല്ല ബിജെപിയുടെ മുതിർന്ന നേതാവായ കൈലാഷ് വിജയവർഗിയ വിവാദ പ്രസ്താവനകൾ നടത്തുന്നത്. മോശമായി വസ്ത്രം ധരിക്കുന്ന പെൺകുട്ടികൾ രാമായണത്തിലെ ശൂർപ്പണഖയെ പോലെയാണെന്ന് കൈലാഷ് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. സ്ത്രീകൾ ദേവതകളാണ്.എന്നാൽ അവർ മോശം വസ്ത്രം ധരിച്ചാൽ ശൂർപ്പണഖയെ പോലെയാകും. ദൈവം നിങ്ങൾക്ക് സൗന്ദര്യവും മനോഹരമായ ശരീരവും നൽകിയിട്ടുണ്ട്. അതുകൊണ്ട് നന്നായി വസ്ത്രം ധരിക്കണമെന്നുമായിരുന്നു അന്ന് കൈലാഷ് പറഞ്ഞത്. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരും കുട്ടികളും ലഹരി ഉപയോഗിക്കുന്നത് കാണുമ്പോൾതല്ലാൻ തോന്നാറുണ്ടെന്നും ബി.ജെ.പി നേതാവ് പറഞ്ഞിരുന്നു.