ഭിന്നശേഷിക്കാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ മാർഗനിർദേശങ്ങളുമായി സുപ്രിംകോടതി
'ആംഖ് മിച്ചോളി' സിനിമയിൽ ഭിന്നശേഷിക്കാരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടെന്ന് കാണിച്ചുള്ള ഹരജിയിലാണ് വിധി
ന്യൂഡൽഹി: ദൃശ്യമാധ്യമങ്ങളിലും സിനിമകളിലും ഭിന്നശേഷി വിഭാഗത്തിലുള്ളവരെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിക്കുന്നതിനെതിരെ മാർഗനിർദേശങ്ങളുമുയി സുപ്രിംകോടതി. മുടന്തൻ, മന്ദബുദ്ധി തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നതിനെയും കോടതി വിമർശിച്ചു. 'ആംഖ് മിച്ചോളി' എന്ന ഹിന്ദി സിനിമയിൽ ഭിന്നശേഷിക്കാരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടെന്ന് കാണിച്ച് നിപുൺ മൽഹോത്ര സമർപ്പിച്ച ഹരജിയിലാണ് കോടതി വിധി.
ഭിന്നശേഷി വിഭാഗത്തിലുള്ളവരെ കാണിക്കുകയോ, അവരെ അഭിസംബോധന ചെയ്യാനുപയോഗിക്കുന്ന വാക്കുകൾ തുടങ്ങിയതു സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം ക്ഷണിക്കണമെന്നതടക്കമുള്ള മാർഗനിർദേശങ്ങളാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. സിബിഎഫ്‌സി യുടെ ഫിലിം സർട്ടിഫിക്കേഷൻ ബോഡി ഇതിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.
ഭിന്നശേഷിക്കാരുടെ വൈവിധ്യമാർന്ന യാഥാർത്ഥ്യങ്ങൾ ചിത്രീകരിക്കാൻ വിഷ്വൽ മീഡിയ ശ്രമിക്കണം, അവരുടെ വെല്ലുവിളികൾ മാത്രമല്ല, വിജയങ്ങൾ, കഴിവുകൾ, സമൂഹത്തിനുള്ള സംഭാവനകൾ എന്നിവയും പ്രദർശിപ്പിക്കണം, കെട്ടുകഥകളെ ആസ്പദമാക്കി അവരെ അപകീർത്തിപ്പെടുത്തുകയോ ചെയ്യരുത്, കോടതി പറഞ്ഞു.