'കൊല, ദേശദ്രോഹി, പ്രധാനമന്ത്രി'; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ വാക്കുകൾ വെട്ടിമാറ്റി
അവിശ്വാസപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി ഇന്ന് മറുപടി പറയും. രണ്ടു ദിവസമായി നടന്ന ചർച്ചക്കിടെ ഒരിക്കൽ പോലും പാർലമെന്റിൽ വരാതെയാണ് മോദി ഇന്ന് മറുപടി പറയാനെത്തുന്നത്.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചില വാക്കുകൾ ലോക്‌സഭാ രേഖകളിൽനിന്ന് വെട്ടിമാറ്റിയതിനെതിരെ കോൺഗ്രസ് പരാതി നൽകും. അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് രാഹുൽ നടത്തിയ പ്രസംഗത്തിലെ കൊല, ദേശദ്രോഹി, പ്രധാനമന്ത്രി തുടങ്ങിയ വാക്കുകളാണ് വെട്ടിമാറ്റിയത്. ഇതിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
രാഹുലിന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രിയെ സൂചിപ്പിക്കുന്ന എല്ലാ ഭാഗത്തും പൂർണമായും തിരുത്തൽ വന്നിട്ടുണ്ട്. 24 ഭാഗങ്ങളാണ് വെട്ടിമാറ്റിയത്. ഭാരതമാതാവിനെ ബി.ജെ.പിക്കാർ കൊല ചെയ്തുവെന്നാണ് രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞത്. ഇവർ ദേശഭക്തരല്ല, ദേശദ്രോഹികളാണ് എന്നും രാഹുൽ ട്രഷറി ബെഞ്ചിനെ നോക്കി പറഞ്ഞിരുന്നു.
രാഹുലിന്റെ പ്രസംഗം സൻസദ് ടി.വി പൂർണമായും സംപ്രേഷണം ചെയ്തില്ലെന്ന് കോൺഗ്രസ് ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസംഗം വെട്ടിമാറ്റിയ പുതിയ വിവാദം. ഇന്ന് വൈകീട്ട് നാലിന് പ്രധാനമന്ത്രി അവിശ്വാസപ്രമേയ ചർച്ചക്ക് മറുപടി പറയും.