ദേഷ്യത്തിൽ പറഞ്ഞുപോയ വാക്കുകൾ ആത്മഹത്യാ പ്രേരണയായി കാണാനാവില്ല; മധ്യപ്രദേശ് ഹൈക്കോടതി
മൂന്നുപേര്‍ക്കെതിരെയെടുത്ത പൊലീസ് നടപടികളും കോടതി റദ്ദാക്കി
ഭോപ്പാൽ: ദേഷ്യത്തിൽ സംസാരിക്കുമ്പോൾ പറഞ്ഞുപോയ വാക്കുകൾ ആത്മഹത്യക്ക് പ്രേരണയായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കർഷകനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാരോപിച്ച് മൂന്നുപേര്‍ക്കെതിരെയെടുത്ത പൊലീസ് നടപടികളും കോടതി റദ്ദാക്കി.
2020 ഒക്ടോബർ 29 ന് ദാമോ ജില്ലയിലെ പതാരിയയിലെ മുറാത്ത് ലോധി എന്നയാളാണ് കീടനാശിനി കുടിച്ച് മരിച്ചത്. ഭൂപേന്ദ്ര ലോധി, രാജേന്ദ്ര ലോധി, ഭാനു ലോധി എന്നിവരാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു പരാതി. ഭൂപേന്ദ്ര ലോധി മരിച്ച മുറാത്തിനെ ലാത്തികൊണ്ട് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകി വീട്ടിലേക്ക് മടങ്ങിയപ്പോൾ രാജേന്ദ്ര ലോധിയും ഭാനു ലോധിയും ഒത്തുതീർപ്പിന് സമ്മതിക്കാൻ തന്നോട് സമ്മർദം ചെലുത്തിയതായും മുറാത്തിന്‍റെ പരാതിയിലുണ്ട്. ഒത്തുതീർപ്പിന് സമ്മതിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് മുറാത്ത് ലോധി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ രാജേന്ദ്ര, ഭൂപേന്ദ്ര, ഭാനു എന്നിവർക്കെതിരെ ഐപിസി 306, 34 വകുപ്പുകൾ പ്രകാരം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് പൊലീസ് കേസെടുത്തു. വിചാരണക്കോടതി കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് മൂവരും കുറ്റങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
വാക്കാൽ അധിക്ഷേപിക്കപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്ത വ്യക്തി അതിനുശേഷം ആത്മഹത്യ ചെയ്താൽ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത് ഒരു മാനസിക പ്രക്രിയയാണെന്നും കോടതി നിരീക്ഷിച്ചു.