ജോലിസമ്മർദം; മേലധികാരിയെ ഗുണ്ടകളെ വിട്ട് മർദിച്ച് സഹപ്രവർത്തകർ
ജോലിയിൽ ഉഴപ്പിയതിനാൽ ഉന്നതാതികാരികൾക്ക് ഇവരെക്കുറിച്ച് പരാതി നൽകിയിരുന്നു
ബംഗളൂരു: ജോലിസ്ഥലത്തെ പ്രശ്‌നത്തെത്തുടർന്ന് യുവാവിനെ ഗുണ്ടാസംഘത്തെ വിട്ട് മർദ്ദിച്ച് സഹപ്രവർത്തകർ. ബംഗളൂരുവിലാണ് സംഭവം. പാൽ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനിയിലെ ഓഡിറ്ററാണ് മർദനത്തിനിരയായ സുരേഷ്. സുരേഷിന്റെ കീഴിൽ ജോലി ചെയ്യുന്ന രണ്ടുപേരാണ് സുരേഷിനെ മർദിക്കാൻ ഗുണ്ടാസംഘത്തെ ഏർപ്പാടാക്കിയത്.
ഒരു വർഷം മുമ്പാണ് സുരേഷ് സ്ഥാപനത്തിൽ ഓഡിറ്ററായി ജോലിക്ക് കയറുന്നത്. കയറിയത് മുതൽ സുരേഷ് കണക്കുകൾ വേഗത്തിലാക്കാൻ പറഞ്ഞ് തങ്ങളിൽ അധികഭാരം ചുമത്തുകയാണെന്നാണ് അറസ്റ്റിലായ ഉമാശങ്കറിന്റെയും വിനേഷിന്റെയും വാദം.
എന്നാൽ പൊലീസിന്റെ നിരീക്ഷണപ്രകാരം കമ്പനിയുടെ കണക്കുകളിൽ മെല്ലെപ്പോക്ക് സമീപനമാണ് ഉമാശങ്കറും വിനേഷും സ്വീകരിച്ചുപോന്നത്. എന്നാൽ സുരേഷ് വന്നതോടെ ഇത് ത്വരിതഗതിയിലാക്കാൻ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. എന്നിട്ടും കണക്കുകൂട്ടലുകൾ ആവശ്യത്തിന് വേഗതയിൽ ചെയ്യാത്തതിനാൽ ഇവരെക്കുറിച്ച് ഉന്നതാധികാരികൾക്ക് പരാതി നൽകുകയായിരുന്നു. ഇവർക്കെതിരെ കർശന നടപടികൾ കമ്പനി സ്വീകരിക്കുകയും ചെയ്തു.
തുടർന്ന് ഉമാശങ്കർ സ്ഥാപനത്തിലെ മുൻ ജീവനക്കാരനുമായി സംഭവത്തിൽ ബന്ധപ്പെട്ടു. ഇയാളാണ് മറ്റൊരു പ്രതിയായ സന്ദീപിനെ ഉമാശങ്കറിന് പരിചയപ്പെടുത്തുന്നത്. ഒടുവിൽ ഇവർ സുരേഷിനെ മർദിക്കാനായി ഗുണ്ടാസംഘത്തെ ഏർപ്പെടുത്തുകയായിരുന്നു.
കെ ആർ പുരത്ത് വച്ച് സന്ദീപും ഗുണ്ടാസംഘവും സുരേഷിനെ പിന്തുടരുകയും ഇരുമ്പുദണ്ഡുകൾ കൊണ്ട് മർദിക്കുകയുമായിരുന്നു. സുരേഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതേസമയം ഇവിടെയുണ്ടായിരുന്ന കാറിന്റെ ഡാഷ്‌കാമിലാണ് മർദനദൃശ്യങ്ങൾ റെക്കോഡ് ചെയ്യപ്പെട്ടത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.