കരുതിയിരിക്കുക, മനുഷ്യർക്ക് സഹിക്കാനാകാത്ത ചൂട് ഇന്ത്യയിലുണ്ടാകുമെന്ന് മുന്നറിയിപ്പ്
ഇന്ത്യയിലെ 75 ശതമാനം തൊഴിലാളികൾ, അല്ലെങ്കിൽ 380 ദശലക്ഷം ജനങ്ങൾ ചൂട് വർധിക്കുന്നത് അപകടം സൃഷ്ടിക്കുന്ന സാഹചര്യങ്ങളിലാണ് തൊഴിലെടുക്കുകയോ ജീവിക്കുകയോ ചെയ്യുന്നത്
തിരുവനന്തപുരം: മനുഷ്യർക്ക് സഹിക്കാനാകാത്ത ഉഷ്ണ തരംഗം ഇന്ത്യയിലുണ്ടാകുമെന്ന് മുന്നറിയിപ്പ്. വർഷങ്ങളായി ഉഷ്ണ തരംഗം മൂലം ആയിരക്കണക്കിന് പേർ മരിക്കുന്ന രാജ്യത്തിൽ ചൂട് വീണ്ടും കൂടുമെന്ന് വേൾഡ് ബാങ്ക് റിപ്പോർട്ടിലാണ് മുന്നറിയിപ്പ് നൽകുന്നത്. 'ക്ലൈമറ്റ് ഇൻവെസ്റ്റ്‌മെൻറ് ഓപ്പർച്യൂനിറ്റീസ് ഇൻ ഇന്ത്യാസ് കൂളിംഗ് സെക്ടർ'- ഇന്ത്യയിലെ അന്തരീക്ഷ ശീതീകരണ രംഗത്തെ നിക്ഷേപ സാധ്യതകൾ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് ഉയർന്ന താപനില നേരത്തെയെത്തുകയും ദീർഘകാലം തുടരുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
'2022 ഏപ്രിലിൽ, നേരത്തെ വന്ന ഉഷ്ണ തരംഗത്തിന്റെ പിടിയിൽ ഇന്ത്യ മുങ്ങി, അത് രാജ്യത്തെ നിശ്ചലമാക്കുക തന്നെ ചെയ്തു. തലസ്ഥാനമായ ന്യൂഡൽഹിയിൽ താപനില 46 ഡിഗ്രി സെൽഷ്യസ് (114 ഡിഗ്രി ഫാരൻഹീറ്റ്) വരെ എത്തി. മാർച്ച് മാസം താപനിലയിൽ അസാധാരണമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയതായിരുന്നു മാർച്ചിലുണ്ടായത്' റിപ്പോർട്ടിൽ പറഞ്ഞു. കേരളാ സർക്കാറുമായി ചേർന്ന് വേൾഡ് ബാങ്ക് സംഘടിപ്പിക്കുന്ന ഇന്ത്യ ക്ലൈമറ്റ് ആൻഡ് ഡവലപ്‌മെൻറ് പാർട്‌ണേഴ്‌സ് മീറ്റിലാണ് ഈ റിപ്പോർട്ട് അവതരിപ്പിക്കപ്പെടുക.
ദക്ഷിണേഷ്യയിലുടനീളം ഉയരുന്ന താപനിലയെ പരാമർശിച്ച് ഇന്ത്യയിലെ താപ തരംഗങ്ങളുടെ സാഹചര്യം മനുഷ്യന്റെ അതിജീവന പരിധി ലംഘിക്കുമെന്ന് പല കാലാവസ്ഥാ ശാസ്ത്രജ്ഞരും വളരെക്കാലമായി മുന്നറിയിപ്പ് നൽകി വരുന്നുണ്ട്. സമീപകാല ചൂട് തരംഗം ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. 2021 ആഗസ്തിൽ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ-ഗവൺമെന്റൽ പാനലിന്റെ (IPCC) ആറാം വിലയിരുത്തൽ റിപ്പോർട്ട് വരുന്ന ദശകത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡം കൂടുതൽ തീവ്ര ഉഷ്ണതരംഗങ്ങൾ അനുഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
കാർബൺ പുറന്തള്ളൽ ഉയർന്ന നിലയിലാണെങ്കിൽ, 2036-65 ഓടെ ഇന്ത്യയിലുടനീളമുള്ള താപ തരംഗങ്ങൾ 25 മടങ്ങ് നീണ്ടുനിൽക്കുമെന്ന് 2021-ൽ G20 ക്ലൈമറ്റ് റിസ്‌ക് അറ്റ്ലസ് മുന്നറിയിപ്പ് നൽകിയിരുന്നതായും വേൾഡ് ബാങ്ക് റിപ്പോർട്ട് പറഞ്ഞു. ഇന്ത്യയിൽ ഉടനീളം ഉയരുന്ന ചൂട് സാമ്പത്തിക ഉൽപ്പാദനക്ഷമതയെ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെ 75 ശതമാനം തൊഴിലാളികൾ, അല്ലെങ്കിൽ 380 ദശലക്ഷം ജനങ്ങൾ ചൂട് വർധിക്കുന്നത് അപകടം സൃഷ്ടിക്കുന്ന സാഹചര്യങ്ങളിലാണ് തൊഴിലെടുക്കുകയോ ജീവിക്കുകയോ ചെയ്യുന്നത്. 2030-ഓടെ, ചൂട് വർധിക്കുന്നത് മൂലം ആഗോളതലത്തിൽ ഉണ്ടായേക്കാവുന്ന 80 ദശലക്ഷം തൊഴിൽ നഷ്ടത്തിൽ 34 ദശലക്ഷവും ഇന്ത്യയിലാകും. ചൂട് കൂടൂന്നത് വഴി ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ തൊഴിൽ രംഗത്തുണ്ടാകുന്ന ആഘാതം കൂടുതലും ഇന്ത്യയിലാണ്. ഇത്തരത്തിൽ ഒരു വർഷം 101 ബില്യണിലധികം മണിക്കൂർ നഷ്ടപ്പെടുന്നതായാണ് വേൾഡ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
വർദ്ധിച്ചുവരുന്ന ചൂടും ഈർപ്പവും മൂലമുള്ള തൊഴിൽ നഷ്ടം ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയുടെ ജിഡിപിയുടെ 4.5 ശതമാനം വരെ - ഏകദേശം 150-250 ബില്യൺ ഡോളർ - കുറയ്ക്കുമെന്ന് ആഗോള മാനേജുമെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനി വിശകലനം ചെയ്യുന്നു.
World Bank report that India will experience unbearable heat