'ബ്രിജ് ഭൂഷനെതിരായ പരാതി അടിച്ചമര്‍ത്താന്‍ ശ്രമിച്ചു': മന്ത്രി അനുരാഗ് താക്കൂറിനെതിരെ വിനേഷ് ഫോഗട്ട്
'വനിതാ ഗുസ്തി താരങ്ങള്‍ മന്ത്രിയെ നേരില്‍ക്കണ്ട് ലൈംഗിക പീഡന പരാതി ഉന്നയിച്ചിട്ടും നടപടിയെടുത്തില്ല'
ഡല്‍ഹി: കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരായ ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാന്‍ അനുരാഗ് താക്കൂര്‍ ശ്രമിച്ചെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. പരാതി അന്വേഷിക്കാൻ സമിതി രൂപീകരിച്ചതിലൂടെ വിഷയം അടിച്ചമര്‍ത്താനാണ് മന്ത്രി ശ്രമിച്ചത്. ഒരു നടപടിയും അദ്ദേഹം എടുത്തില്ലെന്നും വിനേഷ് ഫോഗട്ട് പ്രതികരിച്ചു.
"ഇത്രയും കാലം അധികാരവും പദവിയും ദുരുപയോഗം ചെയ്യുന്ന ഒരു വ്യക്തിക്കെതിരെ നിലകൊള്ളുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്"- ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ വിനേഷ് ഫോഗട്ട് പറഞ്ഞു.
"കേന്ദ്ര കായിക മന്ത്രിയുമായി സംസാരിച്ചതിന് ശേഷമാണ് ഞങ്ങൾ ആദ്യത്തെ പ്രതിഷേധം അവസാനിപ്പിച്ചത്. കായികതാരങ്ങള്‍ നേരിടേണ്ടിവന്ന ലൈംഗിക പീഡനത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. ഒരു കമ്മിറ്റി രൂപീകരിച്ച് വിഷയം അവിടെ അടിച്ചമർത്താനാണ് മന്ത്രി ശ്രമിച്ചത്. അദ്ദേഹം ഒരു നടപടിയുമെടുത്തില്ല"- വിനേഷ് ഫോഗട്ട് പറഞ്ഞു.
ഒളിംപിക്സിലേക്കുള്ള സെലക്ഷനായി പുതിയ നിയമം കൊണ്ടുവന്നതിനെതിരെയാണ് ഗുസ്തിതാരങ്ങളുടെ പ്രതിഷേധമെന്ന ബ്രിജ് ഭൂഷന്‍റെ ആരോപണത്തിനെതിരെ ബജ്‌റംഗ് പുനിയ പ്രതികരിച്ചു- "ഒന്നാമതായി, ഇത് ഒളിംപിക്‌സുമായി ബന്ധപ്പെട്ടതല്ല. ഇത് ലൈംഗിക പീഡനത്തിന് എതിരായ സമരമാണ്".
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെയുള്ള വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ പരാതി ഉന്നയിച്ചത്. എന്നാൽ കേസിൽ ഡൽഹി പൊലീസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവാതിരുന്നതോടെയാണ് താരങ്ങള്‍ ജന്തര്‍മന്തറില്‍ സമരം തുടങ്ങിയത്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഗുസ്തി താരങ്ങള്‍ പ്രതികരിച്ചു.
Summery- Olympian Vinesh Phogat slammed Union Sports Minister Anurag Thakur for not taking any action on wrestlers sexual harassment complaint against Brij Bhushan.