സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ; ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം
കർഷക നേതാവ് രാകേഷ് ടിക്കായത്ത്, ജമ്മു കശ്മീർ മുന്‍ ലെഫ്റ്റനന്റ് ഗവർണർ സത്യപാൽ മാലിക് തുടങ്ങിയവര്‍ മാർച്ചിൽ പങ്കുചേർന്നു
ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ. ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. നിരവധി പേരാണ് താരങ്ങൾക്ക് പിന്തുണയുമായി ഇന്ത്യാഗേറ്റിലെ പ്രതിഷേധത്തിൽ അണിചേർന്നത്.
കർഷകരും സാധാരണക്കാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് എത്തിയത്. കായിക താരങ്ങളുടെ മാർച്ചിന് കനത്ത സുരക്ഷയാണ് ഡൽഹി പൊലീസ് ഒരുക്കിയത്. ഡൽഹി ജന്ദര്‍ മന്തറില്‍ നിന്ന് പദയാത്രയായി താരങ്ങളും പ്രതിഷേധക്കാരും ഇന്ത്യാ ഗേറ്റിൽ എത്തി മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു. 28ന് രാവിലെ 11 മണിക്ക്, പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ വനിതാ മഹാ പഞ്ചായത്ത് ചേരും. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചു.
കോമൺവെൽത്ത് ഡിസ്കസ് ത്രോ താരം കൃഷ്ണ പൂനിയ, കർഷക നേതാവ് രാകേഷ് ടിക്കായത്ത്, ജമ്മു കശ്മീർ മുന്‍ ലെഫ്റ്റനന്റ് ഗവർണർ സത്യപാൽ മാലിക് എന്നിവർ മാർച്ചിൽ പങ്കുചേർന്നു. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന് ഈ മാസം 27 വരെയാണ് ഗുസ്തിതാരങ്ങൾ സമയം അനുവദിച്ചിരിക്കുന്നത്.