'പരാതിക്കാരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും, ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യും വരെ സമരം': കണ്ണീരോടെ ഗുസ്തി താരങ്ങള്‍

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നത് വരെ ജന്ദർമന്തറിൽ പ്രതിഷേധം തുടരാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം

Update: 2023-04-23 16:38 GMT
Advertising

ഡല്‍‌ഹി: പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നത് വരെ ജന്ദർമന്തറിൽ പ്രതിഷേധം തുടരാനാണ് താരങ്ങളുടെ തീരുമാനം. ഏഴു ഗുസ്തി താരങ്ങളാണ് ഡൽഹി പൊലീസിൽ പരാതി നൽകിയത്.

വിങ്ങിപ്പൊട്ടിയാണ് രാജ്യത്തിന്റെ അഭിമാനമായ താരങ്ങൾ ഡൽഹി ജന്ദർമന്തറിൽ വീണ്ടും പ്രതിഷേധിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കിയത്. ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന സമിതി എത്രയും വേഗം റിപ്പോർട്ട് പുറത്ത് വിടണം. മേരി കോം അധ്യക്ഷയായ മേൽനോട്ട സമിതിയിലെ അംഗങ്ങൾക്ക് രാഷ്ട്രീയ ചായ്‌വുണ്ട്. മൂന്ന് മാസമായി വലിയ മാനസിക പീഡനം അനുഭവിക്കുകയാണെന്നും താരങ്ങൾ വ്യക്തമാക്കി. ബജ്‍റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതിഷേധിച്ചു.

"വനിതാ ഗുസ്തിക്കാരുടെ മൊഴി രേഖപ്പെടുത്തിയ റിപ്പോർട്ട് പരസ്യമാക്കണം. ഇതൊരു വൈകാരിക വിഷയമാണ്. പരാതിക്കാരിലൊരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്"– സാക്ഷി പറഞ്ഞു. കേന്ദ്ര കായിക മന്ത്രിയെ കാണാൻ പോലും അനുമതി ലഭിച്ചില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ഇക്കാര്യങ്ങള്‍ പറയുന്നതിനിടെ താരങ്ങള്‍ വിങ്ങിപ്പൊട്ടി.

പ്രായപൂർത്തിയാകാത്ത ഒരു താരം അടക്കം ഏഴു താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയത്. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് താരങ്ങൾ പറഞ്ഞു. പരാതിയിൽ എഫ്.ഐ.ആർ ഇടാത്ത പൊലീസിന് ഡൽഹി വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. കഴിഞ്ഞ ജനുവരിയിലാണ് ബ്രിജ് ഭൂഷണെതിരെ പരാതിയുമായി താരങ്ങൾ ജന്ദർമന്തറിൽ പ്രതിഷേധവുമായി ആദ്യം എത്തിയത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News