മാനസികസമ്മർദ്ദമുണ്ടോ എന്നറിയാൻ സർവേ നടത്തിയതിന് പിന്നാലെ നൂറോളം ജീവനക്കാരെ പിരിച്ച് വിട്ട് യെസ് മാഡം കമ്പനി

പിരിച്ചുവിട്ടവരെ സ്വീകരിക്കാൻ തയ്യാറാണെന്ന മാജിക് പിൻ എന്ന കമ്പനിയുടെ പരസ്യവും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്

Update: 2024-12-10 10:00 GMT
Editor : സനു ഹദീബ | By : Web Desk
Advertising

നോയിഡ: മാനസികാരോഗ്യ സർവേ നടത്തി നൂറോളം ജീവനക്കാരെ പിരിച്ച് വിട്ട് ഹോം സലൂൺ സേവന കമ്പനിയായ യെസ്മാഡം. സർവേയിൽ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെന്ന് കാണിച്ച ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇമെയിൽ സന്ദേശത്തിലൂടെയാണ് ജീവനക്കാരെ പിരിച്ച് വിട്ടതായി കമ്പനി അറിയിച്ചത്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് യെസ്മാഡം.

പല ജീവനക്കാർക്കും സമ്മർദ്ദം കണ്ടെത്തിയിട്ടുണ്ടെന്നും, ആരോഗ്യകരവും ജീവനക്കാർക്ക് പിന്തുണ നൽകുന്നതുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധരായതിനാൽ ആർക്കും സമ്മർദ്ദം ഇല്ലെന്ന് ഉറപ്പാക്കാൻ പിരിച്ച് വിടുകയാണ് എന്നുമാണ് കമ്പനി ഇമെയിലിൽ അറിയിച്ചിട്ടുള്ളത്.

“പ്രിയപ്പെട്ട ടീം,

ജോലിസ്ഥലത്തെ സമ്മർദ്ദത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ മനസിലാക്കാൻ ഞങ്ങൾ അടുത്തിടെ ഒരു സർവേ നടത്തി. നിങ്ങളിൽ പലരും നിങ്ങളുടെ ആശങ്കകൾ പങ്കുവെച്ചു. അത് ഞങ്ങൾ ആഴമായി വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ആരോഗ്യകരവും ജീവനക്കാർക്ക് പിന്തുണ നൽകുന്നതുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു കമ്പനി എന്ന നിലയിൽ, ഞങ്ങൾ ഫീഡ്‌ബാക്ക് ശ്രദ്ധാപൂർവ്വം പരിഗണിച്ചു. ജോലിയിൽ ആരും സമ്മർദ്ദത്തിലാകുന്നില്ലെന്ന് ഉറപ്പാക്കാൻ, കാര്യമായ സമ്മർദ്ദം സൂചിപ്പിച്ച ജീവനക്കാരുമായി വേർപിരിയാൻ ഞങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്. ഈ തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും. ബാധിക്കപ്പെട്ട ജീവനക്കാർക്ക് കൂടുതൽ വിശദാംശങ്ങൾ പ്രത്യേകം ലഭിക്കും.

നിങ്ങളുടെ സംഭാവനകൾക്ക് നന്ദി. ആശംസകളോടെ, എച്ച്ആർ മാനേജർ, യെസ്മാഡം” എന്നാണ് ജീവനക്കാർക്ക് ലഭിച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് കമ്പനിക്ക് നേരെ ഉയർന്നിട്ടുള്ളത്. നിരവധി പേരാണ് കമ്പനിയെ വിമർശിച്ച് കൊണ്ട് പോസ്റ്റുകൾ പങ്കുവെച്ചത്.

എന്നാൽ ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും , എല്ലാവർക്കും സ്വയം റീസെറ്റ് ചെയ്യാൻ ഒരു ഇടവേള നൽകുക മാത്രമാണ് ചെയ്തതെന്നും യെസ്മാഡം കമ്പനി പിന്നീട് വിശദീകരിച്ചു. ജോലിസ്ഥലത്തെ സമ്മർദ്ദം എന്ന നിർണായക വിഷയത്തിലേക്ക് ശ്രദ്ധ ചെലുത്താനുള്ള ആസൂത്രിത ശ്രമമായിരുന്നു ഇതെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, യെസ്മാഡം പിരിച്ചുവിട്ടവരെ സ്വീകരിക്കാൻ തയ്യാറാണെന്ന മാജിക് പിൻ എന്ന കമ്പനിയുടെ പരസ്യവും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News