'കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പാക്കും'; മോദിക്ക് പിന്നാലെ വിദ്വേഷപ്രസം​ഗവുമായി യോഗി ആദിത്യനാഥ്

അധികാരത്തിയാൽ ജനങ്ങളുടെ സ്വത്ത് മുസ്‌ലിംകൾക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ വാക്കുകളും യു.പി മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു.

Update: 2024-04-23 16:08 GMT
Yogi Adityanath came up with hate speech after PM Modi
AddThis Website Tools
Advertising

ന്യൂഡൽഹി: മുസ്‌ലിംകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പ്രസം​ഗത്തിനെതിരായ പ്രതിഷേധം വ്യാപകമായിരിക്കെ വിദ്വേഷ പരാമർശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും രം​ഗത്ത്. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്നും ഇൻഡ്യ മുന്നണിയെന്ന പേരിൽ വന്നിരിക്കുന്നവർ രാജ്യത്തെ വഞ്ചിച്ചവരാണെന്നും യോ​ഗി ആരോപിച്ചു.

'ഇൻഡ്യ മുന്നണിയെന്ന പേരിൽ ഇപ്പോൾ വന്നിരിക്കുന്നവർ രാജ്യത്തെ വഞ്ചിച്ചവരാണ്. വീണ്ടും അവർ പ്രകടനപത്രികയുമായി നിങ്ങളുടെ മുന്നിൽ വന്നതിന്റെ ലക്ഷ്യം വീണ്ടും വഞ്ചിക്കലാണ്. തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. അധികാരത്തിലേറിയാൽ വ്യക്തിനിയമം പുനഃസ്ഥാപിക്കുമെന്നും പ്രകടനപത്രികയിൽ കോൺഗ്രസ് പറയുന്നു. അതിനർഥം മോദിജി നടപ്പാക്കിയ മുത്തലാഖ് നിരോധനം അടക്കം റദ്ദാക്കി ശരീഅത്ത് നിയമം ഇവിടെ പ്രാവർത്തിക്കുമെന്നാണ്'- യോ​ഗി അവകാശപ്പെട്ടു.

അധികാരത്തിയാൽ ജനങ്ങളുടെ സ്വത്ത് മുസ്‌ലിംകൾക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ വാക്കുകളും യു.പി മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു. സമാജ്‌വാദി പാർട്ടിയും കോൺ​ഗ്രസും ഇത്തരത്തിൽ നിങ്ങളുടെ സ്വത്ത് കവർന്നെടുക്കുന്നത് അനുവദിക്കാൻ നിങ്ങൾക്കാവുമോ എന്നും യോ​ഗി പറഞ്ഞിരുന്നു. 'ഈ നാണംകെട്ടവരുടെ അവസ്ഥ നോക്കൂ, ഒരു വശത്ത് അവർ നിങ്ങളുടെ സ്വത്തിൽ കണ്ണുംനട്ട് മറുവശത്ത് മാഫിയകളെയും ക്രിമിനലുകളെയും മാലയാക്കി അവരുടെ പേരിൽ ഫാത്തിഹ ഓതിക്കുകയാണ്'.

'മോദി രാജ്യത്ത് തീവ്രവാദം ഇല്ലാതാക്കി. എവിടെയെങ്കിലും പടക്കം പൊട്ടിയാൽ പോലും അതിൽ പങ്കില്ലെന്നാണ് പാകിസ്താൻ പറയുന്നത്. രാജ്യത്ത് തീവ്രവാദ ആക്രമണമുണ്ടായാൽ അതിന്റെ പ്രതാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭയം പാകിസ്താനുണ്ടെ'ന്നും യോ​ഗി പറഞ്ഞു. കഴിഞ്ഞദിവസം രാജസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ വിദ്വേഷ പരാമർശം. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നായിരുന്നു മോദിയുടെ പ്രസ്താവന.

രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‌ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്നു ആരോപിച്ചായിരുന്നു ഇത്തരമൊരു പരാമർശം. വിദ്വേഷ പ്രസംഗത്തില്‍ മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു ദിവസംകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയത് കോൺ​ഗ്രസിന്റേയും സിപിഎമ്മിന്റേതുമുൾപ്പെടെ 20,000ത്തോളം പരാതികളാണ്. ഇത്രയധികം പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം ശക്തമാണ്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ എത്തിച്ചു നൽകിയിട്ടും നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറായിട്ടില്ല.

മോദിക്കെതിരായ പരാതികളിൽ ഡൽഹി പൊലീസും കേസെടുത്തിട്ടില്ല. പരാതികൾ ലഭിച്ച കാര്യം സ്ഥിരീകരിക്കാൻ പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. ഇതിനിടെ മോദിക്കെതിരെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് സുപ്രിംകോടതിയിൽ പരാതി നൽകി. കമ്മീഷനിൽ നൽകിയ പരാതിയിൽ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ബൃന്ദ കാരാട്ട് കോടതിയെ സമീപിച്ചത്.

വിദ്വേഷ പ്രസംഗത്തിനെതിരായ മറ്റു ഹരജികൾക്കൊപ്പമാണ് ഇതും പരിഗണിക്കുക. ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കടുത്ത നടപടി വേണമെന്ന് സുപ്രിംകോടതി നേരത്തെ നിർദേശം നൽകിയിരുന്നു. മോദിക്കെതിരെ കേസെടുക്കാത്തത് സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News