'കൊളോണിയലിസത്തിന്റെ എല്ലാ അടയാളങ്ങളും തുടച്ചുനീക്കും'; അക്ബർപൂരിന്റെ പേര് മാറ്റുമെന്ന് സൂചന നൽകി യോഗി ആദിത്യനാഥ്
'മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തിയാൽ പേര് മാറ്റാനുള്ള നിർദേശം കേന്ദ്രത്തിന് സമർപ്പിക്കും'
ലഖ്‌നൗ: ഉത്തർപ്രദേശിലെ അക്ബർപൂർ നഗരത്തിന്റെ പേര് മാറ്റുമെന്ന സൂചന നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്ര മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തിയാൽ പേര് മാറ്റുമെന്നാണ് യോഗി പറയുന്നത്.
കൊളോണിയലിസത്തിന്റെ എല്ലാ അടയാളങ്ങളും നഗരത്തിൽ നിന്ന് തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ആ നഗരത്തിന്റെ പേര് ഉച്ചരിക്കുമ്പോൾ തന്നെ വായയിൽ മോശം രുചിയാണ്. നമ്മുടെ രാജ്യത്തിന് നിന്ന് കൊളോണിയലിസത്തിന്റെ എല്ലാം അവശിഷ്ടങ്ങളും ഉന്മൂലനം ചെയ്യുകയും നമ്മുടെ പൈതൃകത്തെ മാനിക്കുകയും വേണം'..യോഗി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തിയാൽ അക്ബർപൂരിന്റെ പേര് മാറ്റാനുള്ള നിർദേശം സംസ്ഥാന ഭരണകൂടം കേന്ദ്രത്തിന് സമർപ്പിക്കും. അക്ബർപൂരിന് പുറമെ അലിഗഡ്, അസംഗഡ്, ഷാജഹാൻപൂർ, ഗാസിയാബാദ്, ഫിറോസാബാദ്, ഫറൂഖാബാദ്, മൊറാദാബാദ് തുടങ്ങി യുപിയിലെ ഒന്നിലധികം പ്രദേശങ്ങളുടെ പേരുമാറ്റാനും സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. 2017ൽ മുഖ്യമന്ത്രിയായ ശേഷം യോഗി ആദിത്യനാഥ് സംസ്ഥാനത്തുടനീളമുള്ള ഒന്നിലധികം റോഡുകൾ, പാർക്കുകൾ, കെട്ടിടങ്ങൾ എന്നിവയുടെ പേര് മാറ്റിയിരുന്നു.
രാജ്യത്തെ ഏറ്റവും തിരക്കേറിയ മുഗൾസരായ് റെയിൽവേ സ്റ്റേഷൻ്റെ പേര് അടുത്തിടെ ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ എന്നാക്കി മാറ്റിയിരുന്നു. 2019-ലെ കുംഭമേളയ്ക്ക് തൊട്ടുമുമ്പ് അലഹബാദിനെ പ്രയാഗ്‌രാജ് എന്ന് പുനർനാമകരണം ചെയ്തു. അലിഗഢിലെ മുനിസിപ്പൽ ബോഡികൾ നഗരത്തിൻ്റെ പേര് ഹരിഗഡ് എന്ന് പുനർനാമകരണം ചെയ്യാനുള്ള പ്രമേയം അടുത്തിടെയാണ് പാസാക്കിയത്. ഫിറോസാബാദിൻ്റെ പേര് ചന്ദ്ര നഗർ എന്നും മെയിൻപുരിയെ മായാപുരി എന്നും മാറ്റാനും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.