യോഗി ആദിത്യനാഥ് ഡല്‍ഹിയില്‍; അമിത് ഷായുടെ വസതിയില്‍ ഉന്നതതല യോഗം

ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം, മന്ത്രിസഭാ വികസനം, സംഘടനാപരമായ കാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

Update: 2021-08-20 04:17 GMT
Advertising

അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ ഉന്നതതല യോഗം. വ്യാഴാഴ്ച രാത്രിയായിരുന്നു യോഗം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, യു.പി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍ എന്നിവര്‍ പങ്കെടുത്തു.

ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം, മന്ത്രിസഭാ വികസനം, സംഘടനാപരമായ കാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്ന വിമര്‍ശനങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

എല്ലാവരെയും ഒറ്റക്കെട്ടായി കൊണ്ടുപോവുന്നതില്‍ യോഗി ആദിത്യനാഥ് പരാജയമാണെന്നാണ് യു.പിയില്‍ നിന്ന് ദേശീയ നേതൃത്വത്തിന് ലഭിച്ച റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി എന്‍.ഡി.എക്കൊപ്പം നില്‍ക്കുന്ന പല ഘടകകക്ഷികളും പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. കോവിഡിനെ നേരിടുന്നതിലും സര്‍ക്കാരിന് ഗുരുതര വീഴ്ച പറ്റിയതായി വിമര്‍ശനമുണ്ട്.

മുഖ്യമന്ത്രി തന്നിഷ്ടപ്രകാരം ഭരണം നടത്തുന്നുവെന്നാണ് പാര്‍ട്ടിയിലും മുന്നണിയിലുമുള്ള വിമര്‍ശനം. മന്ത്രിസഭാ പുനഃസംഘടന കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമോയെന്ന ഭയവും ബി.ജെ.പി നേതൃത്വത്തിനുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഘടകകക്ഷികളെ പിണക്കാതെയുള്ള മന്ത്രിസഭാ പുനഃസംഘടനയാണ് ദേശീയ നേതൃത്വം ലക്ഷ്യംവെക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News