ഗ്യാൻവാപി മസ്ജിദല്ല, പരമശിവൻ തന്നെയാണെന്ന് യോഗി; പ്രതിഷേധിച്ച് എസ്പി
യോഗി കോടതിയെ ബഹുമാനിക്കുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സമജ്‍വാദി പാർട്ടി
ലഖ്നൗ: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദല്ലെന്നും പരമശിവനാണെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദൗർഭാഗ്യവശാൽ ആളുകൾ ഗ്യാൻവാപിയെ മസ്ജിദ് എന്നാണ് വിളിക്കുന്നത്. എന്നാൽ, യഥാർഥത്തിൽ അത് പരമശിവനാണെന്ന് യോഗി പറഞ്ഞു. ഗൊരഖ്പുരിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദി ശങ്കരാചാര്യർ വാരണാസിയിൽവെച്ച് ശിവനുമായി ‘ഏറ്റുമുട്ടി’യതുമായി ബന്ധപ്പെട്ട ഹിന്ദു പുരാണ കഥ പരാമർശിച്ചായിരുന്നു യോഗിയുടെ പ്രസ്താവന. നേരത്തേ മസ്ജിദിനുമേൽ ഹിന്ദുത്വ വാദികൾ അവകാശമുന്നയിച്ചതിനെ പിന്തുണച്ച യോഗി, ചരിത്രപരമായ തെറ്റുകൾ തിരുത്താൻ മുസ്‍ലിം സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, യോഗിയുടെ പ്രസ്താവനക്കെതിരെ സമാജ്‍വാദി പാർട്ടി രംഗത്തുവന്നു. യോഗി കോടതിയെ ബഹുമാനിക്കുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സമജ്‍വാദി പാർട്ടി വക്താവ് അബ്ബാസ് ഹൈദർ പിടിഐയോട് പറഞ്ഞു. ഈ വിഷയം കോടതിയുടെ പരിഗണനയിലാണ്. തന്റെ നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി സമൂഹത്തെ അദ്ദേഹം ഭിന്നിപ്പിക്കുകയാണ്. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവർ സംസാരിച്ചിട്ടില്ലെന്നതാണ് ബിജെപിക്ക് പൊതുജനങ്ങൾ നൽകുന്ന വിധി സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്യാൻവാപി മസ്ജദിലെ നിലവറക്ക് മുകളിൽ മുസ്‍ലിംകൾ നമസ്കാരം നിർവഹിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹിന്ദു വിഭാഗം നൽകിയ ഹരജി വാരാണസി കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. പൂജ നടക്കുന്ന നിലവറയിൽ അറ്റകുറ്റപ്പണികൾ നടത്താൻ വാരാണസി ജില്ലാ മജിസ്ട്രേറ്റിന് അനുമതി നൽകണമെന്ന ആവശ്യവും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് ഹിതേഷ് അഗർവാൾ നിരസിച്ചു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പുതിയ പ്രസ്താവന വരുന്നത്.
രാഖി സിങ് അടക്കമുള്ളവരാണ് നമസ്കാരം വിലക്കണമെന്നുള്ള ഹരജി സമർപ്പിച്ചത്. അതേസമയം, നിലവറയിൽ പൂജ തുടരാമെന്നും കോടതി അറിയിച്ചു. നിലവറയുടെ മേൽക്കൂരക്ക് ബലക്ഷയം സംഭവിച്ചതിനാൽ മുസ്‍ലിംകൾ നമസ്കരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. നിലവറ ഏറെ പഴക്കമുണ്ടെന്നും മുകളിൽനിന്ന് വെള്ളം ചോരുന്നുണ്ടെന്നും കാണിച്ച് അറ്റകുറ്റപ്പണിക്ക് അനുമതി നൽകണമെന്നും ഹരജിക്കാർ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ഈ വാദത്തെ മുസ്‍ലിം വിഭാഗം എതിർക്കുകയും നിലവറക്ക് മുകളിൽ വർഷങ്ങളായി നമസ്കരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജനുവരിയിലാണ് മസ്ജിദിന്റെ നിലവറയിൽ ഹിന്ദു വിഭാഗക്കാർക്ക് പൂജ നടത്താൻ അനുമതി നൽകിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി അൻജുമൻ ഇൻതിസാമിയ നൽകിയ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. നിലവറയിൽ നടക്കുന്ന പൂജ നമസ്‌കാരത്തിനു തടസ്സമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.
മസ്ജിദിനകത്ത് നടക്കുന്ന പൂജ തടഞ്ഞില്ലെങ്കിൽ വലിയ പ്രശ്‌നമുണ്ടാകുമെന്നാണ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. എന്നാൽ, വിശദമായി വാദംകേട്ട കോടതി പള്ളിയിൽ പൂജയും നമസ്‌കാരവും തുടരട്ടെയെന്നു വ്യക്തമാക്കി. തൽസ്ഥിതി തുടരാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മറ്റൊരു തരത്തിലുമുള്ള പൂജയോ ആരാധനയോ ഇവിടെ പാടില്ലെന്നും കോടതി അറിയിച്ചു.
വാദം തുടരുന്നതിനിടെ മസ്ജിദിന്റെ സാറ്റലൈറ്റ് ചിത്രം ഉൾപ്പെടെ ബെഞ്ച് പരിശോധിച്ചിരുന്നു. ഇതിനുശേഷമാണു പൂജ തുടരാൻ അനുമതി നൽകിയത്. പള്ളിയിലേക്കും പൂജ നടക്കുന്ന നിലവറയിലേക്കുമുള്ള പ്രവേശന കവാടങ്ങൾ രണ്ടു ഭാഗങ്ങളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനാൽ പൂജയും നമസ്‌കാരവും തുടരുന്നതിൽ ഒരു തരത്തിലുമുള്ള പ്രശ്‌നവുമില്ലെന്നും നിരീക്ഷിച്ചു.