'ഭാരതം മാറും, ഇന്ത്യ ജയിക്കും... നിങ്ങളാണ് മാറ്റം കൊണ്ടുവരുന്നവർ': കന്നി വോട്ടർമാരോട് ഖാർഗെ

ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ലെന്ന കാര്യം മറക്കരുത്, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസരമാണിതെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്‌സിൽ കുറിച്ചു

Update: 2024-04-26 04:46 GMT
Editor : banuisahak | By : Web Desk
Advertising

രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപിയുടെ ഒരു വഴിതിരിച്ചുവിടാൻ തന്ത്രത്തിലും വീഴരുതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മുന്നറിയിപ്പ്. ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല, സ്വേച്ഛാധിപത്യത്തിൻ്റെ പിടിയിൽ നിന്ന് ജനാധിപത്യം സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും ഖാർഗെ എക്സ് പേജിൽ കുറിച്ചു. 

'ഞങ്ങൾ... ഇന്ത്യയിലെ ജനങ്ങൾ. ഇന്ത്യൻ ഭരണഘടനയുടെ ഈ ആത്മാവ്, നിങ്ങൾ വോട്ടിംഗ് ബട്ടൺ അമർത്തുന്നതിന് മുമ്പ് നിങ്ങളുടെ ഹൃദയങ്ങളിലും മനസുകളിലും പ്രതിഫലിക്കണം. ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പല്ലെന്ന കാര്യം മറക്കരുത്. 13 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 89 നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള എൻ്റെ പ്രിയപ്പെട്ട പൗരന്മാർക്ക് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്'; കോൺഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓർമിപ്പിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു. 

നീതി, സ്വാതന്ത്ര്യം, സമത്വം, സ്വാതന്ത്ര്യം എന്നിവ ഉറപ്പുനൽകുന്ന ഒരു ഭാവി സങ്കൽപ്പിക്കൂ. ഈ തെരഞ്ഞെടുപ്പ്140 കോടി ഇന്ത്യക്കാരുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം. എൻ്റെ പ്രിയപ്പെട്ട ആദ്യ വോട്ടർമാരേ, നിങ്ങളാണ് ശരിക്കും മാറ്റം കൊണ്ടുവരുന്നവർ. ജനാധിപത്യത്തിന് വേണ്ടിയുള്ള ഈ പ്രസ്ഥാനത്തിലേക്ക് നിങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു. ഭാരതം മാറും. ഇന്ത്യ ജയിക്കും; ഖാർഗെ കൂട്ടിച്ചേർത്തു. 

അതേസമയം, രാജ്യത്ത് രണ്ടാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ് രാവിലെ ഏഴ് മണിക്ക് തന്നെ ആരംഭിച്ചു. 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് രണ്ടാം ഘട്ടത്തിൽ മധ്യപ്രദേശിലെ ബേട്ടൂളിൽ വോട്ടെടുപ്പ് നടക്കില്ലെന്ന് കമ്മീഷൻ പ്രഖ്യാപിക്കുകയായിരുന്നു. 

കേരളത്തിലാണ് ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ളത്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. എല്ലാ, മണ്ഡലങ്ങളിലും കനത്ത പോളിംഗ് ആണ് കേരളത്തിൽ രേഖപ്പെടുത്തുന്നത്. 14 ലോക്‌സഭാ സീറ്റുകളുമായി കർണാടകയാണ് തൊട്ടുപിന്നിൽ. അസം, ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ത്രിപുര, മണിപ്പൂർ എന്നിവയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ്  ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 4ന് വോട്ടെണ്ണൽ നടക്കും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News