'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ബിജെപി ആസ്ഥാനത്തേക്ക് 'ജയിൽ ഭരോ' പരിപാടി സംഘടിപ്പിക്കുമെന്നും കെജ്‌രിവാൾ

Update: 2024-05-18 13:58 GMT
Advertising

ഡൽഹി: ആംആദ്മി പാർട്ടിയെ ബിജെപി ലക്ഷ്യം വെക്കുകയാണെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ,' സ്വാതി മാലിവാൾ കേസിൽ ബിഭാവ് കുമാർ അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ കെജ്‌രിവാൾ പറഞ്ഞു.

ഞായറാഴ്ച ബിജെപി ആസ്ഥാനത്തേക്ക് ആംആദ്മി നേതാക്കളുമായി 'ജയിൽ ഭരോ' പരിപാടി സംഘടിപ്പിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.'അവർ (ബിജെപി) ആംആദ്മി പാർട്ടിയുടെ പിന്നാലെയാണെന്ന് ഇപ്പോൾ വ്യക്തമാണ്. അവർ സഞ്ജയ് സിങിനെ ജയിലിലടച്ചു. ഇന്ന് അവർ എന്റെ പിഎയും അറസ്റ്റ് ചെയ്തു. രാഘവ് ഛദ്ദയെയും അതിഷിയെയും സൗരഭ് ഭരദ്വാജിനെയുമാണ് അവർ അടുത്തതായി ലക്ഷ്യം വെക്കുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചു.

എന്തിനാണ് ഞങ്ങളെ അറസ്റ്റ് ചെയ്യുന്നത്?. ഞങ്ങൾ എന്ത് തെറ്റ് ചെയ്തു? സർക്കാർ സ്‌കൂളുകളും ആശുപത്രികളും വികസിപ്പിച്ചതാണോ ഞങ്ങൾ ചെയ്ത കുറ്റം?. ഞങ്ങൾ 24 മണിക്കൂറും വൈദ്യതിയും ലഭ്യമാക്കി. അവർക്ക് ഇതൊന്നും ചെയ്യാൻ കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാക്കളെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന ഈ 'ജയിൽ കളി' പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളെ ജയിലിൽ അടച്ച് ആംആദ്മി പാർട്ടിയെ തകർക്കാമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും കെജ്‌രിവാൾ ചോദിച്ചു. ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കെജ്‌രിവാളിന് ജൂൺ 1 വരെയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News