ഫോട്ടോഷൂട്ടെന്ന പേരില്‍ ഫോട്ടോഗ്രാഫറെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; 10 ലക്ഷം രൂപയുടെ ക്യാമറ കൈക്കലാക്കി
ഡോ.ബി.ആർ. അംബേദ്കർ കോണസീമ ജില്ലയിലെ രാവുലപാലത്തിന് സമീപമാണ് കൊലപാതകം നടന്നത്
വിശാഖപട്ടണം: പത്തുലക്ഷം രൂപയുടെ ക്യാമറ കൈക്കലാക്കാനായി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കഴിഞ്ഞ ഫെബ്രുവരി 26നാണ് സംഭവം. 23കാരനായ പി.സായ് പവന്‍ കല്യാണ്‍ ആണ് കൊല്ലപ്പെട്ടത്. ഫോട്ടോഷൂട്ടെന്ന പേരില്‍ കല്യാണിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് യുവാവിന്‍റെ ക്യാമറയും മറ്റു ഉപകരണങ്ങളും പ്രതികള്‍ കൈക്കലാക്കുകയും ചെയ്തു.
ഡോ.ബി.ആർ. അംബേദ്കർ കോണസീമ ജില്ലയിലെ രാവുലപാലത്തിന് സമീപമാണ് കൊലപാതകം നടന്നത്. തുടര്‍ന്ന് കല്യാണിന്‍റെ മൃതദേഹം മുളസ്ഥാനം എന്ന സ്ഥലത്ത് സംസ്കരിക്കുകയും ചെയ്തു. കല്യാണിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് ഫെബ്രുവരി 29ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും ഞായറാഴ്ചയോടെ പ്രതികളെ കണ്ടെത്തുകയുമായിരുന്നു. കല്യാണിന്‍റെ മൃതദേഹം സംഭവസ്ഥലത്തു നിന്നും പുറത്തെടുത്തിട്ടുണ്ട്. വിശാഖപട്ടണത്തെ മധുരവാഡ നിവാസിയായ കല്യാണ്‍ വിവാഹങ്ങളിലും മറ്റ് പരിപാടികളിലും ഫോട്ടോകളും വീഡിയോകളും എടുത്താണ് ഉപജീവനം നടത്തിയിരുന്നത്. ഫോട്ടോഗ്രഫി ജോലികള്‍ക്കായി ദൂരസ്ഥലങ്ങളില്‍ പോവുകയും ചെയ്തിരുന്നു.
സംഭവദിവസം മുഖ്യപ്രതിയായ ഷൺമുഖാണ് കല്യാണിനെ റാവുലപ്പാലത്തേക്ക് ഫോട്ടോ ഷൂട്ടിനായി വിളിച്ചത്. 26ന് കല്യാണ്‍ അവിടേക്ക് പോയി. രാജമഹേന്ദ്രവാരം റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ഷൺമുഖും സുഹൃത്തും ചേർന്ന് കല്യാണിനെ കാറിൽ കയറ്റി. തുടര്‍ന്ന് റാവുലപ്പാലത്ത് എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് കല്യാണിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതികള്‍ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിടുകയും ക്യാമറയും മറ്റ് ഉപകരണങ്ങളും എടുത്തുകൊണ്ടുപോവുകയും ചെയ്തു. മൂന്നു ദിവസം കഴിഞ്ഞിട്ടും കല്യാണ്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വിശാഖപട്ടണത്തെ പിഎം പാലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.കല്യാണിന്‍റെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഷണ്‍മുഖിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.