വയോധികരായ പുരുഷന്മാരെ ആലിംഗനം ചെയ്ത് മോഷണം നടത്തുന്ന യുവതി പിടിയിൽ
വൃദ്ധന്‍മാരെ കെട്ടിപ്പിടിച്ച് മൊബൈൽ ഫോണും സ്വര്‍ണാഭരണങ്ങളുമാണ് ഇവർ മോഷ്ടിക്കുന്നത്
മുംബൈ : വയോധികരായ പുരുഷന്മാരെ ആലിംഗനം ചെയ്ത് തട്ടിപ്പ് നടത്തുന്ന യുവതി പിടിയില്‍. ഗീത പട്ടേലിനെയാണ് മലാഡ് പോലീസ് അറസ്റ്റ് ചെയ്തത്. വൃദ്ധന്‍മാരെ കെട്ടിപ്പിടിച്ച് മൊബൈൽ ഫോണും സ്വര്‍ണാഭരണങ്ങളുമാണ് ഇവർ മോഷ്ടിക്കുന്നത്. ഒട്ടേറെ വയോധികരെ ഇവർ ഇത്തരത്തിൽ കൊള്ളയടിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
72 വയസുകാരനായ മലാഡ് സ്വദേശിയില്‍നിന്ന് ഒരുലക്ഷംരൂപ വിലമതിക്കുന്ന സ്വര്‍ണമാല കവര്‍ന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷോപ്പിങ്ങിനുശേഷം വയോധികന്‍ ഓട്ടോയില്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം. ഓട്ടോ കൈകാണിച്ച് നിര്‍ത്തിയ ഗീത ഇയാളോട് ലിഫ്റ്റ് ചോദിച്ചു. തുടര്‍ന്ന് കയറാനുള്ള സമ്മതവും നല്‍കി. ഒരു കെട്ടിടത്തിനുമുന്നില്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ട യുവതി നന്ദിസൂചകമായി വയോധികനെ ആലിംഗനം ചെയ്തു. ഇതിനിടെയാണ് കഴുത്തിലുണ്ടായിരുന്ന സ്വർണമാല കവർന്നത്.
വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ മോഷണവിവരം അറിഞ്ഞത്. തുടര്‍ന്ന്, മലാഡ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ രവി അധാനെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ മീരാ ഭയന്ദറില്‍നിന്നാണ് ഗീതയെ പിടികൂടിയത്. ചാര്‍കോപ്പ്, മലാഡ്, ബോറിവ്ലി, മീരാ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരമായി സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നയാളാണ് ഗീതയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ വിട്ടു.