'നിങ്ങളുടെ മകൾ നിങ്ങളോടൊപ്പമുണ്ട്'; കർഷക സമരത്തിന് ഐക്യദാർഢ്യവുമായി വിനേഷ് ഫോ​ഗട്ട്

കർഷക കുടുംബത്തിൽ ജനിച്ചതിൽ അഭിമാനമുണ്ടെന്നും നമ്മുടെ രക്ഷക്കായി മറ്റാരും വരില്ലെന്നും ഫോ​ഗട്ട്

Update: 2024-08-31 07:44 GMT
Advertising

ഡൽഹി: ചംബു അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കുചേർന്ന വിനേഷ് "നിങ്ങളുടെ മകൾ നിങ്ങളോടൊപ്പമുണ്ട്" എന്ന് പറഞ്ഞ് പൂർണപിന്തുണയും ഉറപ്പു നൽകി. മിനിമം താങ്ങുവിലക്ക് സർക്കാർ നിയമ പരിരക്ഷ ഉറപ്പുനൽകണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന്റെ 200-ാം ദിവസത്തിലെ പ്രതിഷേധത്തിലാണ് വിനേഷ് പങ്കെടുത്തത്.

കുറേ നാളുകളായി കർഷകർ സമരത്തിലാണ്. അവർ അവരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് പോരാടുന്നത്. നീണ്ട പോരാട്ടമാണെങ്കിലും അവരുടെ ഊർജ്ജവും നിശ്ചയദാർഢ്യവും ചോർന്നു പോയിട്ടില്ല. വിനേഷ് കർഷകരുടെ സമരത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. കർഷക കുടുംബത്തിൽ ജനിച്ചതിൽ തനിക്ക് ഒരുപാട് അഭിമാനമുണ്ടെന്നും വിനേഷ് കൂട്ടിച്ചേർത്തു. നമ്മുടെ അവകാശങ്ങൾക്കായി നമ്മൾ നിലകൊള്ളണം, മറ്റാരും നമുക്കായി വരില്ല. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറട്ടേയെന്നും അവകാശങ്ങൾ നേടിയെടുത്തതിനു ശേഷം നിങ്ങൾക്ക് മടങ്ങാൻ കഴിയട്ടെയെന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഫോഗട്ട് പറഞ്ഞു.

പ്രതിഷേധം സമാധാനപരമായും എന്നാൽ തീവ്രതയോടെയുമാണ് നടക്കുന്നതെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞു. കർഷകരുടെ ദൃഢനിശ്ചയത്തെ പരീക്ഷിക്കുന്ന കേന്ദ്രം കർഷകരുടെ ആവശ്യങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. ഞങ്ങളുടെ ആവശ്യങ്ങൾ ഒരിക്കൽ കൂടി സർക്കാരിന് മുന്നിൽ അവതരിപ്പിക്കും. കൂടാതെ പുതിയ പ്രഖ്യാപനങ്ങളും നടത്തും. പ്രതിഷേധം 200 ദിവസം പൂർത്തിയാക്കുന്നു എന്നത് സമരചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. അദ്ദേഹം പറഞ്ഞു.

ബോളിവുഡ് നടിയും പാർലമെൻ്റ് അംഗവുമായ കങ്കണ റണാവത്തിനെതിരെ കർശന നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കർഷകരെ തുടർച്ചയായി അഭമാനിക്കുന്ന കങ്കണക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാറും ബിജെപിയും തയാറാകണമെന്നും കർഷകർ ആവശ്യപ്പെട്ടു.

ഡൽഹിയിലേക്കുള്ള മാർച്ച് അധികൃതർ തടഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 13 മുതലാണ് കർഷകർ ഹരിയാന പഞ്ചാബ് അതിർത്തിയായ ചംബുവിൽ സമരം ആരംഭിച്ചത്. ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ പങ്ക് ചെലുത്താൻ ശേഷിയുള്ള കർഷകരുടെ നിലപാട് നിർണായകമാകും. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News