പെൺകുട്ടിയുമായി ചാറ്റ് ചെയ്തതിന് 20കാരനെ തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ
സംഭവത്തിനു പിന്നാലെ പ്രതികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു.
ബെംഗളൂരു: പെൺകുട്ടിയുമായി ഫോണിൽ ചാറ്റ് ചെയ്തതിന് 20കാരനെ തല്ലിക്കൊന്നു. ബെംഗളൂരുവിലെ ആന്ദ്രല്ലിയിൽ കഴിഞ്ഞദിവസമാണ് സംഭവം. കൊലപാതകത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദരാജു എന്ന യുവാവാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
'അനിൽ, ലോഹിത്, ഭരത്, കിശോർ എന്നിവരാണ് പ്രതികൾ. ഒരു പെൺകുട്ടിയുമായി ചാറ്റ് ചെയ്തതിന് 20കാരനെ കൊലപ്പെടുത്തിയ കേസിൽ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്'- നോർത്ത് ഡിവിഷൻ ഡി.സി.പി ദേവരാജ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവ ദിവസം പ്രതികളിലൊരാളായ അനിൽ യുവാവിനെ വീടിനു പുറത്തേക്ക് വിളിച്ചുവരുത്തുകയും ആന്ദ്രല്ലിയിലേക്ക് ബൈക്കിൽ കൊണ്ടുപോവുകയും ചെയ്തു.
'തുടർന്ന് മറ്റ് മൂന്ന് പ്രതികൾ കൂടി ഇയാൾക്കൊപ്പം ചേരുകയും യുവാവിനെ മരക്കമ്പുകൾ കൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗോവിന്ദരാജ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു'- ഡി.സി.പി വ്യക്തമാക്കി.
സംഭവത്തിനു പിന്നാലെ പ്രതികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് ലോഹിത്തിന്റെ കാറിൽ കയറ്റി ചാർമുടിഘട്ട് ഭാഗത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട്, 20കാരന്റെ ബന്ധുക്കൾ തിരോധാന പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
'സംശയത്തെ തുടർന്ന് അനിലിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും മറ്റു പ്രതികളെ കൂടി അറസ്റ്റ് ചെയ്യുകയും മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്'- ഡി.സി.പി കൂട്ടിച്ചേർത്തു.