രാഹുലിൻ്റെ അദാനി വീഡിയോ: കോൺഗ്രസിൻ്റെ പരാതി പരിശോധിക്കുമെന്ന് യുട്യൂബ്

ഭാരത് ജോഡോ യാത്രയുടെ വീഡിയോയ്ക്ക് അദാനിയെക്കുറിച്ചുള്ള വീഡിയോയെക്കാൾ ഇന്‍ററാക്ഷന്‍ കുറവാണ്. എന്നാൽ അഞ്ചിരട്ടി കാഴ്ചക്കാരുണ്ട്

Update: 2023-03-29 18:27 GMT
Advertising

ഡല്‍ഹി: വ്യവസായി ഗൗതം അദാനിയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ വീഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണം യുട്യൂബ് പരിമിതപ്പെടുത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെ പരാതി പരിശോധിക്കുമെന്ന് യുട്യൂബ് അറിയിച്ചു.

യുട്യൂബ് സിഇഒ നീൽ മോഹന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സാം പിത്രോദ മാർച്ച് 11നാണ് കത്തയച്ചത്- "പാർലമെന്റിലെ പ്രസംഗങ്ങളിലൂടെയും യൂട്യൂബ് ചാനലിലെ പ്രത്യേക വീഡിയോകളിലൂടെയും ഗൗതം അദാനിയുമായുള്ള സര്‍ക്കാരിന്‍റെ ബന്ധം രാഹുല്‍ ഗാന്ധി ഉന്നയിച്ചിട്ടുണ്ട്. സമാന എന്‍ഗേജ്മെന്‍റുള്ള രാഹുലിന്‍റെ മറ്റു വീഡിയോകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വീഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണം കുറവാണ്".

ഇത് വിചിത്രമാണെന്ന് രാഹുലിന്റെ സോഷ്യൽ മീഡിയ ടീം കണ്ടെത്തി. പാർട്ടിയുടെ ഡാറ്റ അനലറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് രാഹുലിന്‍റെ സമീപ കാലത്തെ വീഡിയോകളുടെ അനലറ്റിക്സ് താരതമ്യം ചെയ്തുള്ള റിപ്പോര്‍ട്ടും യുട്യൂബിന് കൈമാറി. സാം പിത്രോദയും കോൺഗ്രസ് ഡാറ്റാ അനലറ്റിക്‌സ് വിഭാഗം മേധാവി പ്രവീൺ ചക്രവർത്തിയും യുട്യൂബിന്‍റെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ഭാരത് ജോഡോ യാത്രയുടെ വീഡിയോയ്ക്ക് അദാനിയെക്കുറിച്ചുള്ള വീഡിയോയെക്കാൾ ഇന്‍ററാക്ഷന്‍ കുറവാണ്. എന്നാൽ അഞ്ചിരട്ടി കാഴ്ചക്കാരുണ്ട്. ഭാരത് ജോഡോ യാത്രയുടെ വീഡിയോയ്ക്ക് 83,602 പോസിറ്റീവ് ഇന്ററാക്ഷനും അദാനിയെക്കുറിച്ചുള്ള 'മിത്ര് കാൽ എപ്പിസോഡ് 1ന് 99,197 ഇന്‍ററാക്ഷനുണ്ട്. പക്ഷെ ഭാരത് ജോഡോ വീഡിയോ 20 ലക്ഷത്തിലധികം പേർ കണ്ടപ്പോൾ അദാനി വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം 4.78 ലക്ഷമെന്നാണ് കാണിക്കുന്നത്.

അതുപോലെ അദാനിയെക്കുറിച്ചുള്ള രണ്ടാമത്തെ വീഡിയോയ്ക്ക് കേംബ്രിഡ്ജ് വീഡിയോയുടെ ഇരട്ടി ഇന്‍ററാക്ഷനുണ്ട്. കേംബ്രിഡ്ജ് വീഡിയോയ്ക്ക് 28,360 പോസിറ്റീവ് ഇന്‍ററാക്ഷനുണ്ടായപ്പോൾ, 'മിത്ര് കാൽ എപ്പിസോഡ്2'ൽ 49,053 പോസിറ്റീവ് ഇന്‍ററാക്ഷനുണ്ടായി. പക്ഷെ രണ്ട് വീഡിയോകളുടെയും കാഴ്ചക്കാരുടെ എണ്ണം 2 ലക്ഷം എന്നാണ് കാണുന്നത്.

"ഞങ്ങളുടെ കണക്ക് പ്രകാരം അദാനി വീഡിയോയ്ക്ക് ഇന്‍ററാക്ഷന്‍റെ അടിസ്ഥാനത്തിൽ 8 ലക്ഷത്തിലധികം കാഴ്ചക്കാര്‍ ഉണ്ടാവേണ്ടതായിരുന്നു. എന്നാൽ 2.6 ലക്ഷം വ്യൂസ് എന്നാണ് കാണുന്നത്"- എന്നും കോണ്‍ഗ്രസിന്‍റെ അനലറ്റിക്സ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.  ഫെബ്രുവരി 9 മുതൽ രാഹുൽ ഗാന്ധിയുടെ ചാനലിലെ ബ്രൗസ് ഫീച്ചർ പ്രവർത്തനരഹിതമാണെന്നും കോണ്‍ഗ്രസിന്‍റെ ഡാറ്റ അനലറ്റിക്സ് വിഭാഗം പറയുന്നു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News