വൈ.എസ്.ശർമിള നാളെ കോൺഗ്രസിൽ ചേരും; വൈ.എസ്.ആര്‍.ടി.പിയെ ലയിപ്പിക്കും
ആന്ധ്രാ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് ശർമിള കോൺഗ്രസിൽ അംഗത്വം സ്വീകരിക്കുന്നത്
ന്യൂഡല്‍ഹി: ആന്ധ്രാ മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഢിയുടെ മകൾ വൈ.എസ്.ശർമിള നാളെ കോൺഗ്രസിൽ ചേരും. സ്വന്തം പാർട്ടിയായ വൈ.എസ്.ആര്‍.ടി.പിയെ കോൺഗ്രസിൽ ലയിപ്പിക്കും. വൈ.എസ്.ആര്‍.സി.പി എം.എൽ.എ ആയിരുന്ന രാമകൃഷ്ണ റെഡ്ഢി ശർമിളയോടൊപ്പം കോൺഗ്രസിൽ ചേരും.
ആന്ധ്രാ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് ശർമിള കോൺഗ്രസിൽ അംഗത്വം സ്വീകരിക്കുന്നത്. മുഖ്യമന്ത്രി ജഗന് നേരേ കോൺഗ്രസ് നടത്തുന്ന ഒരു സർജിക്കൽ സ്ട്രൈക്ക് കൂടിയാണ് അംഗത്വം. സഹോദരി കോൺഗ്രസിൽ ചേരാതിരിക്കാൻ ജഗൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു. സന്ധി സംഭാഷണത്തിനായി അമ്മാവൻ കൂടിയായ മുൻ എംപി ശുഭ റെഡ്ഢിയെ ആണ് ജഗൻ അയച്ചത് .ചർച്ചകൾ എല്ലാം പരാജയപ്പെട്ടു . വൈ.എസ്.ആര്‍.ടി.പി കോൺഗ്രസ് രൂപീകരിച്ച ശേഷം തെലങ്കാനയിൽ ശർമിള സജീവമായിരുന്നു. അന്ന് മുഖ്യമന്ത്രി ആയിരുന്ന ചന്ദ്രശേഖര റാവുവിന് കനത്ത വെല്ലുവിളിയാണ് ഇവർ ഉയർത്തിയിരുന്നത്.എന്നാൽ ഒരിക്കൽ പോലും ശർമിള തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.
അമ്മ വിജയമ്മ ജഗനുമായി തെറ്റി ശർമിളയോടൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് ആയ കോൺഗ്രസിന് തെലങ്കാനയിലെ പോലെ ഒരു ഉയർത്തെഴുന്നേൽപ്പിനു ശർമിളയുടെ വരവ് സഹായിക്കുമെന്നാണ് പ്രതീക്ഷ. വൈ.എസ്.ആറിന്റെ സഹപ്രവർത്തകനായിരുന്ന രാമകൃഷ്ണ റെഡ്ഢി ശർമിളയോടൊപ്പം നാളെ കോൺഗ്രസിൽ ചേരും. ഇതിന് മുന്നോടിയായി മൂന്നാഴ്ച മുൻപ് വൈ.എസ്.ആര്‍.ടി.പിയിൽ നിന്നും, ആര്‍.കെ എന്നറിയപ്പെടുന്ന രാമകൃഷ്ണറെഡ്ഢി രാജിവെച്ചിരുന്നു. ജഗനെതിരെ സഹോദരി ശർമിളയെ രംഗത്ത് ഇറക്കാൻ ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ശ്രമിച്ചിരുന്നു. ക്ഷണം നിരസിച്ചു കൊണ്ട് മാതൃ പാർട്ടിയിലേക്ക് മടങ്ങുകയാണ്. ഇന്ന് ഡൽഹിയിൽ എത്തുന്ന ശർമിള നാളെ ഔദ്യോഗികമായി കോൺഗ്രസിന്റെ ഭാഗമാകും.