വൈ.എസ്.ആറിന്റെ മകൾ വൈ.എസ് ശർമിള കോൺഗ്രസിലേക്ക്; വൈ.എസ്.ആർ.ടി.പി കോൺഗ്രസിൽ ലയിക്കും
ശർമിളയെ പാർട്ടിയിലെത്തിക്കുന്നതിലൂടെ തെലങ്കാനയിലും ആന്ധ്രയിലും വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
ഹൈദരാബാദ്: തെലങ്കാനയിൽ നിർണായക രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ്. മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകൾ വൈ.എസ് ശർമിള കോൺഗ്രസിൽ ചേരും. ശർമിളയുടെ വൈ.എസ്.ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കും. വൈ.എസ്.ആറിന്റെ ജന്മദിനമായ ജൂലൈ എട്ടിനാകും ലയനസമ്മേളനം.
ശർമിളയെ പാർട്ടിയിലെത്തിക്കുന്നതിലൂടെ തെലങ്കാനയിലും ആന്ധ്രയിലും വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കർണാടകയിൽനിന്നുള്ള രാജ്യസഭാ സീറ്റും ആന്ധ്രയുടെ പാർട്ടി തലപ്പത്ത് നിർണായക സ്ഥാനവും നൽകാമെന്നാണ് കോൺഗ്രസ് ശർമിളക്ക് നൽകിയ വാഗ്ദാനമെന്നാണ് സൂചന.
അവിഭക്ത ആന്ധ്രാപ്രദേശിൽ കോൺഗ്രസിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ശർമിളയുടെ പിതാവ് വെ.എസ് രാജശേഖര റെഡ്ഢി. ആന്ധ്ര മുഖ്യമന്ത്രിയും സഹോദരനുമായ ജഗ്മോഹൻ റെഡ്ഢിയുമായി പിണങ്ങിയാണ് ശർമിള തെലങ്കാന കേന്ദ്രീകരിച്ച് പുതിയ പാർട്ടി രൂപീകരിച്ചത്. പ്രിയങ്കാ ഗാന്ധിയുടെ ആശീർവാദത്തോടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നടത്തിയ നീക്കങ്ങളാണ് ശർമിളയെ കോൺഗ്രസിൽ തിരിച്ചെത്തിക്കുന്നത്.
അതേസമയം ശർമിളയെ പാർട്ടി നേതൃത്വം ഏൽപ്പിക്കുന്നതിൽ എതിർപ്പുമായി തെലങ്കാന പി.സി.സി അധ്യക്ഷൻ രംഗത്തെത്തി. സംസ്ഥാനത്ത് ഇത്തരം നേതാവിന്റെ ആവശ്യമില്ലെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഢി പരസ്യമായി പ്രഖ്യാപിച്ചു. ശർമിളയുടേത് അവസരവാദ നിലപാടാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രേണുകാ ചൗധരി പറഞ്ഞു.