‘യൂസുഫ് പഠാൻ മുതൽ ഷാഫി പറമ്പിൽ വരെ’, ലോക്സഭയിൽ കുറയു​ന്ന മുസ്‍ലിം പ്രാതിനിധ്യം

നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ മുസ്‍ലിം പ്രാതിനിധ്യം 50 ശതമാനമായി കുറഞ്ഞുവെന്നാണ് കണക്കുകൾ

Update: 2024-06-05 14:19 GMT
Advertising

ന്യൂഡൽഹി: യൂസുഫ് പഠാൻ മുതൽ ഷാഫി പറമ്പിൽ വരെ, ലോക്സഭയിൽ ഇക്കുറിയെത്തിയത് 24 മുസ്‍ലിം എം.പി മാർ മാത്രം. തെരഞ്ഞെടുപ്പിൽ സ്വതന്ത്രരടക്കം 78 മുസ്‍ലിം സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. 543 ജനപ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോഴാണ് ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള മുസ്ലിം പ്രാ​തിനിധ്യം 25 ൽ താഴെയൊതുങ്ങുന്നത്.

1980 ൽ 49 പേരാണ് ലോക്സഭയിലെത്തിയത്.ലോക്സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ മുസ്‍ലിംകൾ സഭയിലെത്തിയത് ആ വർഷമായിരുന്നു. നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ മുസ്‍ലിം പ്രാതിനിധ്യം 50 ശതമാനമായി കുറഞ്ഞു. മോദി ആദ്യമായി അധികാരത്തിലെത്തിയ 2014 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ലോക്‌സഭയിലെ ഏറ്റവും കുറഞ്ഞ മുസ്‌ലിം പ്രാതിനിധ്യം ഉണ്ടായത്.22 പേർ മാത്രമാണ് അന്ന് സഭയിലെത്തിയത്.

ഓരോ തെര​ഞ്ഞെടുപ്പ് കാലത്തും മുസ്‍ലിം വോട്ടർമാർ നിർണായക ഘടകമാണെന്ന് മുന്നണികൾ അവകാശപ്പെടാറുണ്ട്.എന്നാൽ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ പോലും സമുദായത്തിൽ നിന്നുള്ളവരെ പരിഗണിക്കാൻ പാർട്ടികൾ മടിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2014-ൽ അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി അജണ്ടയാക്കിയ മുസ്‍ലിം വിദ്വേഷവും വർഗീയ ധ്രുവീകരണവും മൂലം മുസ്‌ലിം സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകുന്നതിൽ നിന്ന് പാർട്ടികൾ പിന്നോട്ട് വലിയുന്നുവെന്നാണ് രാഷ്ട്രിയ നിരീക്ഷകർ വിലയിരുത്തുന്നത്.വിവിധ സംസ്ഥാനങ്ങളിലെനിയമസഭാ സീറ്റുകളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.

2019 ൽ 34 സീറ്റ് നൽകിയ കോൺഗ്രസ് 2024 ൽ 19 സീറ്റ് മാത്രമാണ് അനുവദിച്ചത് 2019-ൽ 13 മുസ്‍ലിം സ്ഥാനാർത്ഥികളെ തൃണമൂൽ സ്ഥാനാർത്ഥികളാക്കി. സമാജ്‌വാദി പാർട്ടിക്ക് (എസ്‌പി) നാല് മുസ്‍ലിം സ്ഥാനാർത്ഥികളേ ഉണ്ടായിരുന്നുള്ളു.

ഇക്കുറി കോൺഗ്രസ്, ടി.എം.സി, എസ്.പി, ആർ.ജെ.ഡി,എൻ.സി.പി, സി.പി.എം എന്നിവ ഉൾപ്പെടുന്ന ഇൻഡ്യാ ബ്ലോക്ക് 78 മുസ്‍ലിം സ്ഥാനാർത്ഥികൾക്കാണ് ഇക്കുറി ടിക്കറ്റ് നൽകിയത്. 2019-ൽ 115- പേരായിരുന്നു മത്സരിച്ചത്. ബി.ജെ.പി ഏക മുസ്ലിം സ്ഥാനാർഥിക്കാണ് സീറ്റ് നൽകിയത്. കോഴിക്കോട് സർവകലാശാല മുൻ വി.സി ആയിരുന്ന കെ.അബ്ദുൽ സലാം മത്സരിച്ചത് മലപ്പുറം മണ്ഡലത്തിലാണ്.സഖ്യകക്ഷിയായ ജെ.ഡിയുവും ഒരൊറ്റ മുസ്‍ലിം സ്ഥാനാർഥിയെ ആണ് മത്സരിപ്പിച്ചത്.

എന്നാൽ ബി.എസ്.പി 35 മുസ്‍ലിം സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചത്. പ്രതിപക്ഷ പാർട്ടികൾ സമുദായ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് രംഗത്തെത്തി.ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനെന്ന വാദമാണ്  മുസ്‍ലിം സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പലപ്പോഴും രാഷ്ട്രിയ പാർട്ടികൾ ഉന്നയിക്കുക.

എന്നാൽ ഇക്കുറി മുസ്‍ലിം വോട്ടർമാർ വളരെ ജാഗ്രതയോടെയാണ് വോട്ട് ചെയ്​തതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യു.പി, ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇൻഡ്യാ മുന്നണിക്ക് ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച മുസ്‍ലിം എം.പിമാർ

കോൺഗ്രസ്

ധുബ്രി: റാക്കിബുൽ ഹുസൈൻ

കിഷൻഗഞ്ച്: മുഹമ്മദ് ജാവേദ്

കതിഹാർ: താരിഖ് അൻവർ

വടകര: ഷാഫി പറമ്പിൽ

സഹാറൻപൂർ: ഇംറാൻ മസൂദ്

മൽദാഹ ദക്ഷിണ: ഇഷാ ഖാൻ ചൗധുരി

ലക്ഷദ്വീപ്: മുഹമ്മദ് ഹംദുല്ലാ സഈദ്

സമാജ്‌വാദി പാർട്ടി

കൈരാന: ഇഖ്റ ചൗധരി

രാംപൂർ: മൊഹിബ്ബുള്ള

സംഭാൽ: സിയാ ഉർ റഹ്മാൻ

ഗാസിപൂർ: അഫ്സൽ അൻസാരി

തൃണമൂൽ കോൺഗ്രസ്

ജംഗിപൂർ : ഖലീലുർ റഹ്മാൻ

ബഹരംപൂർ : യൂസുഫ് പഠാൻ

മുർഷിദാബാദ് : അബു താഹിർ ഖാൻ

ബസിർഹത്ത്: എസ്‌.കെ നൂറുൽ ഇസ്‌ലാം

ഉലുബേരിയ: സജ്‌ദ അഹമ്മദ്

മുസ്‍ലിം ലീഗ്

മലപ്പുറം: ഇ.ടി.മുഹമ്മദ് ബഷീർ

പൊന്നാനി: ഡോ. എം.പി അബ്ദുസ്സമദ് സമദാനി

രാമനാഥപുരം: നവാസ് കനി കെ.

എ.ഐ.എം.ഐ.എം

ഹൈദരാബാദ്: അസദുദ്ദീൻ ഉവൈസി

സ്വതന്ത്രർ

ബാരാമുള്ള: അബ്ദുൾ റാഷിദ് ഷെയ്ഖ്

ലഡാക്ക്: മുഹമ്മദ് ഹനീഫ

നാഷണൽ കോൺ​ഫറൻസ്

ശ്രീനഗർ: ആഗ സയ്യിദ് റുഹുല്ല മെഹ്ദി

അനന്ത്നാഗ്-രജൗരി: മിയാൻ അൽത്താഫ് അഹമ്മദ്

പാർലമെന്റിൽ വംശീയാധിക്ഷേപത്തിന് വിധേയനായ കെ.ഡാനിഷ് അലി തോറ്റ മുസ്‍ലിം സ്ഥാനാർഥികളിൽ പ്രമുഖനാണ്. വംശീയ അധിക്ഷേപത്തിനിരയായ ഡാനിഷ് അലിയെ പാർട്ടി വിരുദ്ധ പ്രവർത്തനമെന്നാരോപിച്ച് ബി.എസ്.പിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് കോൺഗ്രസിൽ ചേർന്ന അദ്ദേഹത്തിന് അംറോഹ സീറ്റും നൽകിയിരുന്നു. 28670 വോട്ടിനാണ് ബി.ജെ.പി സ്ഥാനാർഥിയോട് ഡാനിഷ് പരാജയ​പ്പെട്ടത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News