കർണാടകയിൽ ആദ്യ സിക വൈറസ് സ്ഥിരീകരിച്ചു; രോഗത്തെയും ലക്ഷണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാം...
ഗർഭിണികളെയാണ് രോഗം സാരമായി ബാധിക്കുന്നത്
ബംഗളൂരു: കർണാടകയിൽ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. റായ്ച്ചൂർ സ്വദേശിയായ അഞ്ച് വയസുകാരിക്കാണ് സിക്ക വൈറസ് പോസിറ്റീവായതെന്ന് ആരോഗ്യമന്ത്രി കെ.സുധാകർ അറിയിച്ചു. സർക്കാർ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനി, ചിക്കുൻഗുനിയ പരിശോധനയ്ക്കായി വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സാധാരണയായി ഇത്തരം സാമ്പിളുകളുടെ 10 ശതമാനം മാത്രമേ പരിശോധനയ്ക്കായി പൂനെയിലേക്ക് അയയ്ക്കാറുളളൂ, അതിൽ ഇത് പോസിറ്റീവായി'മന്ത്രി പറഞ്ഞു. മൂന്ന് സാമ്പിളുകൾ അയച്ചതിൽ രണ്ടെണ്ണം നെഗറ്റീവും ഒന്ന് പോസിറ്റീവുമായിരുന്നു.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. കർണാടകയിൽ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു.
എന്താണ് സിക വൈറസ്
ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ അണുബാധകൾ പരത്തുന്ന ഈഡിസ് കൊതുകു കടിക്കുന്നതിലൂടെയാണ് സിക വൈറസ് രോഗം പകരുന്നത്. 1947-ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. സിക വൈറസ് അണുബാധ ഭൂരിഭാഗം പേരിലും ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കില്ല. നാഡീസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് പലപ്പോഴും രോഗം നയിക്കാറുണ്ട്.
പക്ഷേ ഗർഭിണികളെയാണ് രോഗം സാരമായി ബാധിക്കുന്നത്. രോഗം ബാധിക്കാതെ സൂക്ഷിക്കണം. ഗർഭാവസ്ഥയിൽ രോഗമുണ്ടായാൽ നവജാത ശിശുവിന് മസ്തിഷ്‌ക വൈകല്യം അല്ലെങ്കിൽ കൺജെനിറ്റൽ സിക്ക സിൻഡ്രോം എന്നിങ്ങനെയുളള രോഗങ്ങളുണ്ടാക്കാം.
ലക്ഷണങ്ങൾ
പനി, ശരീരത്തിൽ ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കൾ ശരീരത്തിലെത്തിയാൽ മൂന്നാം ദിവസം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് പ്രകാരം ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്തും അതിരാവിലെയും വൈകുന്നേരവുമാണ് കടിക്കുന്നത്. അതുകൊണ്ടുതന്നെ വീടുകളിലെ ജനാലകളും വാതിലുകളും കൊതുക് കടക്കാതെ നോക്കണം. കൊച്ചുകുട്ടികളും ഗർഭിണികളും ഉറങ്ങുമ്പോൾ കൊതുക് വലയ്ക്ക് കീഴിൽ ഉറങ്ങണം. ഗർഭിണികളും കുട്ടികളും കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കുക. വീട്ടിലും പരിസരത്തും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. കൊതുക് വളരാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുക.