വെജിറ്റേറിയന്‍സിനായും ഇനി സൊമാറ്റോ എത്തും; ഉപഭോക്താക്കള്‍ക്കായി 'പ്യുവര്‍ വെജ് മോഡ്' പദ്ധതി ആരംഭിച്ച് ദീപീന്ദര്‍ ഗോയല്‍
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സ് ഉള്ളത് ഇന്ത്യയിലാണെന്നും അവരുടെ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫീച്ചറുകള്‍ ആരംഭിച്ചതെന്നും ഗോയല്‍ എക്സിലൂടെ പറഞ്ഞു
ഡല്‍ഹി: ഇന്ത്യയിലെ 100% വെജിറ്റേറിയന്‍ ഉപഭോക്താക്കള്‍ക്കായി 'പ്യുവര്‍ വെജ് മോഡ്' എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിച്ചതായി സൊമാറ്റോ സ്ഥാപകനും സി.ഇ.ഒയുമായ ദീപീന്ദര്‍ ഗോയല്‍ അറിയിച്ചു. സംരഭത്തിന്റെ പ്രാരംഭം എന്നോണം ഗോയൽ കുറച്ച് ഭക്ഷണം ഡെലിവറി ചെയ്തു.
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സ് ഉള്ളത് ഇന്ത്യയിലാണെന്നും അവരുടെ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫീച്ചറുകള്‍ ആരംഭിച്ചതെന്നും ഗോയല്‍ എക്സിലൂടെ പറഞ്ഞു.
'പ്യുവര്‍ വെജ് മോഡില്‍' വെജിറ്റേറിയന്‍ റെസ്റ്റോറന്റുകള്‍ മാത്രമാണ് ഉള്‍പ്പെടുന്നതെന്ന് ഗോയല്‍ പറഞ്ഞു. ശുദ്ധമായ വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളില്‍ നിന്നായിരിക്കും ഉപഭോക്താക്കള്‍ക്കാവശ്യമായ ഭക്ഷണങ്ങള്‍ വാങ്ങുകയെന്നും വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഡെലിവെറി ചെയ്യുന്ന ആളുകള്‍ നോണ്‍ വെജ് റെസ്റ്റോറന്റുകളില്‍ നിന്ന് ഡെലിവറി എടുക്കില്ലെന്നും ഗോയല്‍ വ്യക്തമാക്കി. വെജ് ഭക്ഷണം ഡെലിവെറി ചെയ്യുന്ന ആളുകള്‍ക്ക് പച്ച നിറത്തിലുള്ള യൂണീഫോമും അല്ലാത്തവര്‍ക്ക് ചുവപ്പ് നിറത്തിലുള്ളതുമായിരിക്കും.
ഗോയലിന്റെ പുതിയ നീക്കത്തിന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്.
ഏതെങ്കിലും മതത്തേയോ രാഷ്ട്രീയത്തേയോ സേവിക്കാനോ അന്യവല്‍ക്കരിക്കാനോ അല്ല പ്യുവര്‍ വെജ് മോഡ് കൊണ്ടു വന്നിരിക്കുന്നതെന്ന് ഗോയല്‍ വ്യക്തമാക്കി. ഉപഭോക്തൃ ആവശ്യം കണക്കിലെടുത്ത് സൊമാറ്റോ പുതിയ പദ്ധതികളുമായി വരുന്നുണ്ടെന്നും ഗോയല്‍ അറിയിച്ചു.