ന്യൂയോര്‍ക്കില്‍ തോക്ക് കൈവശം വയ്ക്കുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള നിയമത്തിന് സ്റ്റേ
കൊലപാതകങ്ങള്‍ നിയന്ത്രിക്കാനായി കൊണ്ടുവന്ന ഗൺ നിയമത്തിന് സ്റ്റേ
ന്യൂയോർക്ക്: ന്യൂയോര്‍ക്കില്‍ വർധിച്ചു വരുന്ന കൊലപാതകങ്ങള്‍ നിയന്ത്രിക്കാനായി കൊണ്ടുവന്ന ഗൺ നിയമത്തിന് സ്റ്റേ. ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയർ, ബാറുകൾ, സ്‌കൂളുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ തോക്ക് കൈവശം വയ്ക്കുന്നത് കർശനമായി നിയന്ത്രിച്ചുകൊണ്ടുള്ള നിയമം ജൂലൈ 1ന് പാസാക്കിയിരുന്നു. ഈ നിയമത്തിനാണ് താൽക്കാലിക സ്റ്റേ നൽകിയിരിക്കുന്നത്. പൊതുസ്ഥലത്ത് തോക്ക് കൈവശം വയ്ക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം നിയമവിരുദ്ധമായി പരിമിതപ്പെടുത്തുന്നു എന്ന് കാണിച്ച് നൽകിയ ഹരജിയിലാണ് സ്റ്റേ.
ന്യൂയോർക്കിലെ മുൻ ഗൺ നിയമങ്ങൾ അസാധുവാക്കിക്കൊണ്ട് സുപ്രീം കോടതി ജൂൺ 23ന് ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷമാണ് ഒരു വ്യക്തിക്ക് പൊതുസ്ഥലത്ത് തോക്ക് കൈവശം വയ്ക്കാനുള്ള അവകാശം ഇല്ലാതാക്കികൊണ്ട് പുതിയ നിയമം പാസാക്കുന്നത്. പുതിയ നിയമമനുസരിച്ച് തോക്ക് കൈവശം വക്കാനുള്ള ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തിയുടെ ധാർമ്മിക സ്വഭാവം തെളിയിക്കണം. ഇതിന്‍റെ ഭാഗമായി ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കും. 18 മണിക്കൂർ പരിശീലനവും ഉണ്ടായിരിക്കും. ഈ മാനദണ്ഡങ്ങള്‍ നിയമവിരുദ്ധമാണെന്നും ടൈംസ് സ്ക്വയറിലും മറ്റ് സെൻസിറ്റീവ് ലൊക്കേഷനുകളിലും പ്രത്യേക പരിരക്ഷ ആവശ്യമില്ലെന്നും കോടതി വിധിയിൽ പറയുന്നു.
സ്റ്റേയ്‌ക്കെതിരായ അപ്പീൽ നൽകിയിട്ടുണ്ടെന്നും ഗൺ അക്രമത്തെ ചെറുക്കുന്നതിനും ന്യൂയോർക്കുകാരെ സംരക്ഷിക്കുന്നതിനും തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കുമെന്നും ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പ്രതികരിച്ചു. എന്നാൽ ആയുധം കയ്യിൽ വക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ അംഗീകരിക്കുന്നുവെന്ന് ഭൂരിപക്ഷം അമേരിക്കൻ ജസ്റ്റിസുമാർ വ്യക്തമാക്കിയിരുന്നു.
"ആയുധങ്ങൾ സൂക്ഷിക്കാനും കെണ്ടുനടക്കാനുമുള്ള ജനങ്ങളുടെ അവകാശം പുനഃസ്ഥാപിച്ച നടപടിക്ക് ഞങ്ങള്‍ ജഡ്ജി സുദ്ദാബിയോട് നന്ദിയുള്ളവരാണ്," എന്ന് ഗൺ ഓണേഴ്‌സ് ഓഫ് അമേരിക്കയുടെ സീനിയർ വൈസ് പ്രസിഡന്‍റ് എറിക് പ്രാറ്റ് പറഞ്ഞു.