പെഗാസസ് ഉപയോഗിച്ച് വാട്സ്ആപ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി; ഇസ്രായേൽ കമ്പനി കുറ്റക്കാരെന്ന് യുഎസ് കോടതി

കോടതി വിധി സ്വകാര്യതയുടെ വിജയമെന്ന് വാട്സ്ആപ് മേധാവി വിൽ കാത്ത്കാർട്ട്

Update: 2024-12-21 09:51 GMT
Editor : സനു ഹദീബ | By : Web Desk
Advertising

വാഷിംഗ്ടൺ: പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനധികൃതമായി വിവരങ്ങൾ ചോർത്തിയ കേസിൽ ഇസ്രായേൽ കമ്പനി കുറ്റക്കാരെന്ന് യുഎസ് കോടതി. സാമൂഹ്യ മാധ്യമ കമ്പനിയായ വാട്സാപ്പ് നൽകിയ കേസിലാണ് ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. വാട്സാപ്പിലെ ബഗ്ഗ്‌ ചൂഷണം ചെയ്ത് പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുവെന്നാരോപിച്ചാണ് കമ്പനി കോടതിയെ സമീപിച്ചത്.

കാലിഫോർണിയയിലെ ഓക്ക്‌ലാൻഡിലുള്ള യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഫിലിസ് ഹാമിൽട്ടൺ ആണ് കേസ് പരിഗണിച്ചത്. ഹാക്കിങ്ങും കരാർ ലംഘനവും അടക്കമുള്ള കുറ്റങ്ങൾ എൻഎസ്ഒക്കെതിരെ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. നഷ്ടപരിഹാരത്തിനായി വിചാരണ നടപടികൾ ആരംഭിക്കാമെന്നും കോടതി വ്യക്തമാക്കി.

കോടതി വിധി സ്വകാര്യതയുടെ വിജയമാണെന്ന് വാട്സ്ആപ് മേധാവി വിൽ കാത്ത്കാർട്ട് പ്രതികരിച്ചു. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികൾ വെച്ച് പൊറുപ്പിക്കില്ലെന്ന് ഇത്തരം നിരീക്ഷണങ്ങൾ നടത്തുന്ന കമ്പനികൾ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. " ഈ കേസ് തെളിയിക്കാൻ ഞങ്ങൾ അഞ്ച് വർഷം ചെലവഴിച്ചു. കാരണം സ്‌പൈവെയർ കമ്പനികൾക്ക് അവർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനോ, അവയെ പ്രതിരോധിക്കാനോ സാധിക്കില്ലെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിച്ചിരുന്നു," അദ്ദേഹം വ്യക്തമാക്കി.ലോകമെമ്പാടുമുള്ള സൈബർ സുരക്ഷാ വിദഗ്ധരും വിധിയെ സ്വാഗതം ചെയ്തു.

1,400 വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ പെഗാസസ് വഴി കമ്പനി ലക്ഷ്യം ലക്ഷ്യം വെച്ചുവെന്ന് കോടതി വ്യക്തമാക്കി. ഇതിൽ സർക്കാർ ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, ഭരണകൂട വിമർശകർ, നയതന്ത്രജ്ഞർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഉണ്ടായിരിക്കുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പെഗാസസിന്റെ ഉപയോഗം കണ്ടെത്തിയിരുന്നു. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News