ട്രംപിന്റെ യാത്രാ നിരോധം ശരിവെച്ച് സുപ്രീംകോടതി
ആറ് മുസ്‍ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധം പ്രാബല്യത്തില്‍ കൊണ്ടുവരാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ കീഴ്ക്കോടതികള്‍ യാത്രാവിലക്കിന് പ്രഖ്യാപിച്ച സ്റ്റേ നീങ്ങി...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ യാത്രാ നിരോധം സുപ്രീം കോടതി ശരിവെച്ചു. ആറ് മുസ്‍ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധം പ്രാബല്യത്തില്‍ കൊണ്ടുവരാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ കീഴ്ക്കോടതികള്‍ യാത്രാവിലക്കിന് പ്രഖ്യാപിച്ച സ്റ്റേ നീങ്ങി.
അധികാരത്തിലെത്തിയ ഡൊണള്‍ഡ് ട്രംപിന്റെ പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നുമുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധം ഏര്‍പ്പെടുത്തിയത്. ഈ തീരുമാനം പല കോടതികളും സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രംപിന് സന്തോഷം നല്‍കുന്ന തീരുമാനമാണ് യുഎസ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ആറ് മുസ്‌ലിം രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിരോധം പ്രാബല്യത്തില്‍ വരുത്താമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ചാഡ്, ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഇന്നലെ വിഷയം പരിഗണിച്ച ഒന്പത് അംഗ ജഡ്ജിങ് പാനലിലെ ഏഴ് പേരും യാത്രാ നിരോധത്തിന് കീഴ്കോടതികള്‍ ഏര്‍പ്പെടുത്തിയ സ്റ്റേ എടുത്തുകളഞ്ഞു. എന്നാല്‍ ജസ്റ്റിസ് റൂത്ത് ബാഡര്‍ ഗിന്‍സ്ബെര്‍ഗ്, സോണിയ സോറ്റോമേയര്‍ എന്നിവര്‍ യാത്രനിരോധം റദ്ദാക്കണമെന്നാവശ്യപ്പെട്ടു. സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ, റിച്ചമണ്ട്, വിർജീനിയ എന്നിവിടങ്ങളിലെ ഫെഡറൽ കോടതികളും ഈ വിഷയത്തില്‍ കൂടുതല്‍ വാദങ്ങൾ ഈ ആഴ്ച കേൾക്കും.
ജനുവരിയിലാണ് ഒന്പത് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിരോധം ഏര്‍പ്പെടുത്തി ട്രംപ് ഉത്തരവിറക്കുന്നത്. 90 ദിവസത്തേക്കായിരുന്നു ഈ നിരോധം. കൂടാതെ അഭയാര്‍ഥികളുടെ രാജ്യത്തേക്കുള്ള വരവ് പൂര്‍ണമായും തടഞ്ഞു. എന്നാല്‍ മാര്‍ച്ചില്‍ ഇറാഖിനെ നിരോധ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ള നിരധം എടുത്തു കളയുകയും ചെയ്തു. ജൂണില്‍ യാത്രാ നിരോധത്തെ സുപ്രീംകോടതി അംഗീകരിച്ചു. ട്രംപിന്റെ മൂന്നാമത്തെ ഉത്തരവ് സെപ്തംബറിലാണ് ഇറങ്ങുന്നത്. നോര്‍ത്ത് കൊറിയ, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്ക് അന്ന് നിരോധം ഏര്‍പ്പെടുത്തി.