ചൈന - വത്തിക്കാന്‍ ബന്ധം മെച്ചപ്പെടുന്നതായി സൂചനകള്‍

Update: 2018-05-27 08:48 GMT
Editor : Muhsina
ചൈന - വത്തിക്കാന്‍ ബന്ധം മെച്ചപ്പെടുന്നതായി സൂചനകള്‍
Advertising

ചരിത്രപരമായ ഈ നീക്കം ചൈനയിലുള്ള ഒരുകോടി ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

ചൈന - വത്തിക്കാന്‍ ബന്ധം മെച്ചപ്പെടുന്നതായി സൂചനകള്‍. ചരിത്രപരമായ ഈ നീക്കം ചൈനയിലുള്ള ഒരുകോടി ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. മാര്‍പാപ്പയുടെ ഒരു ഓഫീസ് ബീജിങ്ങില്‍ തുറന്നേക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ചൈനയും വത്തിക്കാനും 67 വര്‍ഷമായി നിലനില്‍ക്കുന്ന വിദ്വേഷത്തിനും വിരോധത്തിനും വിരാമമാകുന്നു എന്ന ശുഭസൂചനകളാണ് ഇപ്പോള്‍ വരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നത് ചൈനയിലുള്ള ഒരു കോടി ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ചൈനയില്‍ പോപ് ഫ്രാന്‍സിന്റെ ഓഫീസ് തുറക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ചൈന - വത്തിക്കാന്‍ ബന്ധം വിശകലനം ചെയ്യുന്ന വിദഗ്ധന്‍ ഫ്രാന്‍സിസ്കോ സിസ്കി പറയുന്നു. ഇത് ഒരു പക്ഷെ ഈ വര്‍ഷം തന്നെ ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്റര്‍വ്യൂ ചെയ്യാന്‍ ക്ഷണം ലഭിച്ചയാളാണ് ബീജിങ് സര്‍വകലാശാലയിലെ ഗവേഷകനായ ഫ്രാന്‍സിസ്കോ സിസ്കി.

1951ലുണ്ടായ കമ്മ്യൂണിസ്റ്റ് വിപ്ലവമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. ചൈനയില്‍ സര്‍ക്കാരിന് കീഴിലുള്ള ക്രിസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ഥനകള്‍ നടത്താന്‍ വിശ്വാസികള്‍ അനുവാദമുണ്ടെങ്കിലും മാര്‍പാപ്പയെ പരമോന്നത നേതാവായി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയിലെ സര്‍ക്കാരിന് കീഴിലുള്ള പള്ളികളില്‍ ബിഷപ്പുമാരുടെ തെരഞ്ഞെടുപ്പ് അടക്കം വത്തിക്കാന് കൂടുതല്‍ നിയന്ത്രണം നല്‍കും. 2016ല്‍ പോപ്പുമായി നടത്തിയ അഭിമുഖത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനകള്‍ പോപ് നല്‍കിയിരുന്നതായി സിസ്കി പറയുന്നു.

വിശിഷ്ടമായ രാജ്യം എന്നാണ് പോപ് അന്ന് ചൈനയെ വിശേഷിപ്പിച്ചത്. ചൈനയുമായി ചര്‍ച്ചകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും പോപ് പറഞ്ഞിരുന്നു. 2017ല്‍ വത്തിക്കാനില്‍ നടന്ന ഉച്ചകോടിയില്‍ ചൈനയില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനെ വളരെ ആവേശത്തോടും ആഹ്ലാദത്തോടുമാണ് ചൈനയിലെ ക്രിസ്തുമത വിശ്വാസികള്‍ നോക്കിക്കാണുന്നത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News