''40 വർഷം മുമ്പ് തറക്കല്ലിട്ട പാലം ആദ്യം പണിയൂ... എന്നിട്ട് മതി കെ റെയിൽ'' വൈറലായി വീഡിയോ
പ്രതിഷേധവുമായെത്തിയ നാട്ടുകാരിയുടെ വാക്കുകൾക്ക് മുമ്പിൽ ഉത്തരമില്ലാതെ നിൽക്കുന്ന ഉദ്യോഗസ്ഥരെയും പൊലിസുകാരെയും വിഡിയോയിൽ കാണാം
''40 വർഷം മുമ്പ് സുരേഷ് കുറുപ്പ് എംപിയായിരുന്നപ്പോൾ തറക്കല്ലിട്ട പാലം ആദ്യം പണിയൂ... എന്നിട്ട് മതി കെ റെയിൽ'' കോട്ടയം വെള്ളൂത്തുരുത്തിൽ കെ റയിലിനായി കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരി പറഞ്ഞു. പ്രദേശത്ത് കെ റെയിലിനെതിരെ പ്രതിഷേധിച്ചവരുടെ വിഡിയോ വൈറലായിരിക്കുകയാണ്.
'പനച്ചിക്കാട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും കുടിവെള്ളം എത്തിച്ചു തരാൻ പറ, മര്യാദയ്ക്ക് യാത്ര ചെയ്യാൻ ഖട്ടറില്ലാത്ത റോഡ് ഉണ്ടാക്കി തരാൻ പറ, ഇവിടെ സർക്കാർ ആശുപത്രി ഉണ്ടാക്കാൻ പറ, അവിടെ ഡോക്ടർമാരെ നിയമിക്കാൻ പറ. എന്നിട്ടാകാം കെ റെയിൽ'' പ്രതിഷേധിച്ച നാട്ടുകാരി പറഞ്ഞു.
''സിമൻറും കമ്പിയും ഉപയോഗിച്ച് എന്തെങ്കിലും പദ്ധതിയുണ്ടാക്കുന്നതല്ല വികസനം, പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള അവസരം വേണം. വിദ്യാഭ്യാസം വേണം, തൊഴിൽ വേണം, ആരോഗം വേണം, എല്ലാ പ്രദേശത്തെ ജനങ്ങൾക്കും മനുഷ്യനെ പോലെ ജീവിക്കാനുള്ള അവകാശവും അധികാരവും വേണം'' പ്രതിഷേധത്തിനെത്തിയ വനിത രോഷത്തോടെ പറഞ്ഞു. പ്രതിഷേധവുമായെത്തിയ നാട്ടുകാരിയുടെ വാക്കുകൾക്ക് മുമ്പിൽ ഉത്തരമില്ലാതെ നിൽക്കുന്ന ഉദ്യോഗസ്ഥരെയും പൊലിസുകാരെയും വിഡിയോയിൽ കാണാം.