ദിവ്യയുടെ പ്രസംഗം എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയെന്ന് കോടതി
ആസൂത്രിതമായി തയ്യാറാക്കിയ അപമാനമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം ശരിയെന്ന് കോടതി കണ്ടെത്തി
തലശേരി: പി.പി ദിവ്യക്ക് ജാമ്യം നിഷേധിച്ച കോടതി വിധിയുടെ കുടുതൽ വിവരങ്ങൾ മീഡിയവണിന്. യാത്രയയപ്പ് വേളയിലെ ദിവ്യയുടെ പ്രസംഗം എഡിഎമ്മിനെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെയെന്ന് കോടതി കണ്ടെത്തി. പ്രത്യാഘാതം മനസ്സിലാക്കി തന്നെയായിരുന്നു ദിവ്യയുടെ പ്രസംഗമെന്നും വിധിയിൽ പരാമർശിക്കുന്നുണ്ട്. ചടങ്ങിലേക്ക് ദിവ്യ ക്ഷണിക്കാതെയാണ് എത്തിയതെന്ന വാദവും കോടതി അംഗീകരിച്ചു.
ആസൂത്രിതമായി തയ്യാറാക്കിയ അപമാനമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം ശരിയെന്ന് കോടതി കണ്ടെത്തി. ദിവ്യക്ക് നവീൻ ബാബുവിനോട് പകയുണ്ടായിരുന്നുവെന്നും നവീൻ ബാബുവിന്റെ മരണകാരണം വ്യക്തിഹത്യയെന്നും കോടതി അംഗീകരിച്ചു. ദിവ്യ തന്റെ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന വാദവും കോടതി മുഖവിലയ്‌ക്കെടുത്തു.
മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ.വിശ്വം ഉന്നയിച്ച പ്രധാന ആരോപണങ്ങളെല്ലാം തന്നെ കോടതി തള്ളിക്കളഞ്ഞു.
ജാമ്യം തേടിയുള്ള ദിവ്യയുടെ ഹരജി തലശേരി പ്രിൻസിപ്പൽ സെഷൻ കോടതി ജഡ്ജി കെ.ടി നിസാർ അഹമ്മദാണ് തള്ളിയത്. പൊലീസ് അറസ്റ്റിലേക്ക് കടക്കുമെന്ന പ്രതീക്ഷയിലാണ് നവീൻ ബാബുവിൻറെ കുടുംബം. ഹൈക്കോടതിയെ സമീപിക്കാൻ ദിവ്യ നീക്കം നടത്തുന്നുണ്ട്. 'ഡിസ്മിസ്ഡ്' എന്ന ഒറ്റവാക്കിലൂടെയായിരുന്നു വിധി പ്രസ്താവം. അറസ്റ്റിൽ നിന്നും ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറി ഒളിച്ചുകഴിയുന്ന ദിവ്യക്ക് കനത്ത തിരിച്ചടിയാണ് വിധി. പൊതുപ്രവർത്തക എന്ന നിലയിൽ സദുദ്ദേശ്യത്തോടെ തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്ന ദിവ്യയുടെ വാദം കോടതി കണക്കിലെടുത്തില്ല. നവീൻ ബാബുവിനെതിരായ പരസ്യ പരാമർശം ദിവ്യയുടെ ഗൂഢാലോചനയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു. പൊലീസ് അറസ്റ്റിലേക്ക് കടക്കുമോ അതോ ദിവ്യ കീഴടങ്ങുമോ എന്ന് വ്യക്തമല്ല. വിധിയുടെ പശ്ചാത്തലത്തിൽ അന്വേഷണ സംഘം ആശയവിനിമയം നടത്തിയിട്ടുണ്ട്.