റാഗിങ്ങിനെ തുടർന്ന് വിദ്യാർഥിയുടെ മരണം; പൂക്കോട് വെറ്റിനറി സർവകലാശാലയിൽ 12 വിദ്യാർഥികൾക്ക് സസ്പെൻഷൻ
മർദനത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ച സിദ്ധാർത്ഥനെ തിരിച്ചുവിളിച്ച് വീണ്ടും മർദിച്ചതായി ആരോപണം
വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്തതിൽ 12 സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. ഈ മാസം 18നാണ് നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീനിയർ വിദ്യാർഥികൾ മർദിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബവും സഹപാഠികളും ആരോപിക്കുകയും ചെയ്തിരുന്നു.
മരണം നടക്കുന്നതിന് നാല് ദിവസം മുമ്പ്, 14ാം തിയ്യതി സിദ്ധാർത്ഥനെ സീനിയർ വിദ്യാർഥികൾ മർദിച്ചിരുന്നു. തുടർന്ന് 15ാം തിയ്യതി നാട്ടിലേക്ക് തിരിച്ച സിദ്ധാർത്ഥൻ എറണാകുളത്തെത്തിയപ്പോൾ സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തി തിരിച്ചുവിളിച്ചു. അതോടെ സിദ്ധാർത്ഥൻ വീട്ടിൽ പോകാതെ സർവകലാശാലയിൽ തിരിച്ചെത്തി. എന്നാൽ 15, 16 തിയ്യതികളിൽ സിദ്ധാർത്ഥൻ വീണ്ടും മർദിക്കപ്പെട്ടതായും മാതാപിതാക്കൾ പറയുന്നുണ്ട്. മരണം നടന്ന ശേഷം സർവകലാശാല അധികൃതരുടെ ഭാഗത്ത് നിന്നും പൊലീസിന്റെ ഭാഗത്ത് നിന്നും വേണ്ട നടപടിയുണ്ടായില്ലെന്ന് മാതാപിതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ 12 വിദ്യാർഥികൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്.