വിഴിഞ്ഞത്ത് കേന്ദ്രത്തിൻ്റെ തേപ്പ്; കേരളത്തിന് 12,000 കോടി രൂപയുടെ അധിക ബാധ്യതക്ക് സാധ്യത

വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാനത്തിന്റെ വായ്പയാക്കി മാറ്റുന്ന നടപടി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

Update: 2024-11-01 17:11 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാനത്തിന്റെ വായ്പയാക്കി മാറ്റി കേന്ദ്ര സർക്കാർ. 817 കോടി രൂപ വായ്പയാക്കി മാറ്റുന്ന നിബന്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. നിബന്ധന നടപ്പിലാക്കപ്പെട്ടാൽ സംസ്ഥാനത്തിന് 12,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാവും. കേന്ദ്ര ത്തിന്റെ നിബന്ധന ചതിയും വിവേചനവുമാണെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിൻ്റെ ആദ്യ ഘട്ടത്തിനായി ചെലവാകുന്ന 8867 കോടി രൂപയിൽ 5595 കോടി രൂപയാണ് സംസ്ഥാന വിഹിതം. 817.80 കോടി രൂപ കേന്ദ്ര സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടായും നൽകണം. എന്നാൽ, ഇതിൽ പുതിയ വ്യവസ്ഥ വെയ്ക്കുകയാണ് കേന്ദ്ര സർക്കാർ .

817 കോടി രൂപ സംസ്ഥാനത്തിന് നൽകുന്ന വായ്പയാക്കി മാറ്റാനാണ് കേന്ദ്ര തീരുമാനം. ഹൈപ്പർ കമ്മിറ്റി യോഗത്തിൻ്റെ മിനിട്സിൽ ഇത് രേഖപ്പെടുത്തിയതോടെയാണ് കേന്ദ്ര നീക്കം സംസ്ഥാനത്തിന് മനസ്സിലായത്. ഇതോടെ വ്യവസ്ഥ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു.

വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പയാക്കി മാറ്റിയാൽ സംസ്ഥാനത്തിന് ഭീമമായ നഷ്ടം ഉണ്ടാകുമെന്ന് കത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. 10,000 കോടി മുതൽ 12,000 കോടി വരെ അധിക ബാധ്യത വരുമെന്നാണ് സംസ്ഥാനത്തിൻ്റെ വിലയിരുത്തൽ. വിഴിഞ്ഞത്തിലൂടെ കേന്ദ്രത്തിന് ലഭിക്കുന്ന അധിക വരുമാനം അക്കമിട്ട് നിരത്തുന്ന കത്തിൽ തൂത്തുകുടി തുറമുഖത്തിന് തിരിച്ചടവ് ഒഴിവാക്കി കൊടുത്ത കാര്യവും എടുത്തുപറയുന്നുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News